പിഴല റോഡ് നാടിനു സമർപ്പിച്ചു
1549399
Saturday, May 10, 2025 4:34 AM IST
കൊച്ചി: ജിഡയുടെ സഹായത്തോടെ 1.94 കോടി മുടക്കി നിര്‍മിച്ച പിഴല 350 മീറ്റര്‍ റോഡ് നാടിനു സമർപ്പിച്ചു. പിഴല സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കോക്കനട്ട് പൈലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
4500 തെങ്ങ് ഉപയോഗിച്ച് പൈലിംഗ് നടത്തിയാണ് മണ്ണ് ബലപ്പെടുത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ജിഡ ആദ്യമായി ഏറ്റെടുത്ത് നടപ്പാക്കിയ പൊതുമരാമത്ത് പ്രവൃത്തി എന്ന പ്രത്യേകതയും ഈ പാലത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.
പിഴല-മൂലമ്പിള്ളി പാലത്തിലേക്കുള്ള ഏക പ്രവേശന മാര്‍ഗമാണ് പിഴല 350 മീറ്റര്‍ റോഡ്. തെക്ക് കണ്ടെയ്നര്‍ ടെര്‍മിനല്‍ പാത(966 എ ഹൈവേ)യുമായും വടക്ക് നാഷണല്‍ ഹൈവേ 17മായും ബന്ധിപ്പിക്കുന്ന പിഴല-ചേന്നൂര്‍-ചരിയംതുരുത്ത് ഒമ്പത് മീറ്റര്‍ പ്രോജക്ടിന്റെ പ്രഥമ റീച്ചും ഈ റോഡാണ്. 350 മീറ്റര്‍ റോഡില്‍നിന്ന് തുടങ്ങുന്ന രണ്ടാമത്തെ റീച്ച് പിഴല റോഡാണ്. മൂന്നാം റീച്ചാണ് ചരിയം തുരുത്ത് റോഡ്.
ചേന്നൂര്‍-കോതാട് പാലം, വലിയ കടമക്കുടി-ചാത്തനാട് പാലം, പിഴല-കടമക്കുടി പാലം, പിഴല-ചെറിയ കടമക്കുടി പാലം എന്നീ പാലങ്ങളില്‍ നിന്നും അനുബന്ധ റോഡുകളില്‍ നിന്നും കണ്ടെയ്നര്‍ ടെര്‍മിനല്‍ പാതയിലേക്കുള്ള ഏക പ്രവേശന മാര്‍ഗവും 350 മീറ്റര്‍ കണക്ടിവിറ്റി അപ്രോച്ച് റോഡാണ്.
കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, മുന്‍ മന്ത്രി എസ്. ശര്‍മ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനല്‍, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സെന്റ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.