കോതമംഗലം താലൂക്കിലെ കുട്ടന്പുഴയിലും പോത്താനിക്കാട്ടും ഡെങ്കിപ്പനി പടരുന്നു
1548887
Thursday, May 8, 2025 4:58 AM IST
കോതമംഗലം: കൊതുക് വ്യാപനം ശക്തമായതോടെ താലൂക്കിലെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി പടരുന്നു. കുട്ടന്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി ഉന്നതിയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ഏതാനും പേർ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ട്.
പോത്താനിക്കാട് പഞ്ചായത്തിലെ പുളിന്താനത്തും ഡെങ്കിപ്പനി പടർന്നുപിടിച്ചിട്ടുണ്ട്. ഏതാനും പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഈ പ്രദേശങ്ങളിൽ ഫോഗിംഗ് ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. താലൂക്കിലെ മറ്റ് പ്രദേശങ്ങളും ഡെങ്കിപ്പനി വ്യാപന ഭീക്ഷണി നിലനിൽക്കുകയാണ്.
ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകുകൾ പെരുകുന്നതാണ് പ്രശ്നമാകുന്നത്. തെളിഞ്ഞ വെള്ളത്തിലാണ് പ്രധാനമായും ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. വെള്ളം കെട്ടികിടക്കാനുള്ള സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ നിർദേശം.