അപ്പാർട്ട്മെന്റിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ ഒരാൾകൂടി അറസ്റ്റിൽ
1549391
Saturday, May 10, 2025 4:17 AM IST
കളമശേരി: കൊച്ചിൻ യൂണിവേഴ്സിറ്റിക്കു സമീപത്തെ അപ്പാർട്ട്മെന്റിൽനിന്ന്, യുവാവിനെ തട്ടിക്കൊണ്ടുപോയ കുൽപ്പണ മാഫിയ സംഘത്തിലെ ഒരാളെകൂടി പോലീസ് പിടികൂടി. കോഴിക്കോട്, പേരാമ്പ്ര നൊച്ചാട് തെരേമ്മൽ വീട്ടിൽ ഹാരിസിനെയാണ് (39) പേരാമ്പ്രയിൽ വച്ച് കോഴിക്കോട് റൂറൽ പോലീസിന്റെ സഹായത്തോടെ കളമശേരി പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മേപ്പയ്യൂർ ഇടയിലാട്ട് വീട്ടിൽ സൗരവിനെയാണ് ( 22) കഴിഞ്ഞ മാസം 30 ന് തട്ടിക്കൊണ്ടുപോയത്. അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തടവിൽ പാർപ്പിച്ചിരുന്ന സൗരവിനെ കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് മോചിപ്പിച്ചിരുന്നു.
കുഴൽപ്പണ മാഫിയയുമായി ബന്ധമുള്ളയാളും മോചനദ്രവ്യം കൈപ്പറ്റാനായി എത്തിയ ഈ കേസിലെ പ്രതിയുമായ കോഴിക്കോട് പേരാമ്പ്ര പെരിഞ്ചേരി വീട്ടിൽ ഹാഷിറിനെ (21), സൗരവിനെ മോചിപ്പിച്ച ദിവസം തന്നെ കളമശേരി പോലീസ് മേപ്പയ്യൂരിൽ നിന്ന് പിടികൂടിയിരുന്നു. ഇയാൾ നിലവിൽ റിമാൻഡിലാണ്.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കളമശേരി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഓൺലൈൻ തട്ടിപ്പ് സംഘവും കുഴൽപ്പണ മാഫിയയുമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് വിവരംലഭിച്ചിട്ടുണ്ട്. കളമശേരി ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.