ജിസിഡിഎ ചെലവിൽ ഒമ്പത് നഗരസഭകളില്‍ പാര്‍ക്കുകൾ ഒരുക്കും
1549143
Friday, May 9, 2025 4:38 AM IST
ആദ്യഘട്ട തുക ഉടൻ അനുവദിക്കും
കൊച്ചി: വിശാല കൊച്ചി വികസന അഥോറിറ്റി(ജിസിഡിഎ) മേഖലയിലെ നഗരസഭകളില്‍ പൊതു ഇടങ്ങളും പാര്‍ക്കുകളും ഒരുങ്ങുന്നു. ജിസിഡിഎ പരിധിയില്‍ വരുന്ന ആലുവ, അങ്കമാലി, തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ, മരട്, ഏലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍ എന്നീ നഗരസഭകളിലാണ് പദ്ധതി നടപ്പിലാക്കുക.
ഇതിനായി നഗരസഭകള്‍ക്ക് ജിസിഡിഎ ഒരുകോടി രൂപവീതം ബജറ്റില്‍ വകയിരുത്തിയിരുന്നു. ആദ്യഘട്ട തുക വൈകാതെ അനുവദിക്കും. വൈകുന്നേരങ്ങളിലും ഒഴിവു സമയങ്ങളിലും കുട്ടികളുള്‍പ്പടെയുള്ള പൊതുജനങ്ങള്‍ക്ക് വന്നിരിക്കാനും സമയം ചെലവിടുന്നതിനും പൊതുസമ്മേളനങ്ങള്‍ നടത്തുന്നതിനും മികച്ച സൗകര്യങ്ങളുള്ള പൊതുഇടങ്ങളും പാര്‍ക്കുകളും ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ ജിസിഡിഎ ലക്ഷ്യമിടുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട മുന്നൊരുക്ക യോഗം കുസാറ്റ് സെമിനാര്‍ ഹാളില്‍ ചേര്‍ന്നു. ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, പദ്ധതി പ്രദേശ നഗരസഭകളിലെ അധ്യക്ഷര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജിസിഡിഎ നഗരസഭകള്‍ക്ക് ബജറ്റ് വിഹിതം നല്കുന്ന തീരുമാനം ചരിത്രത്തില്‍ ആദ്യമാണെന്നും വിശാല കൊച്ചി പരിധിയില്‍ വരുന്ന നഗരസഭകള്‍ക്ക് ജിസിഡിഎ നല്കുന്ന സഹായം തുടരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
നഗരസഭകളിലെ നിലവിലെ പദ്ധതി വിവരങ്ങളെക്കുറിച്ചും ഈ തുകകൊണ്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി ആശയങ്ങൾ നഗരസഭാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കുവച്ചു.