മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം : സാങ്കേതിക തകരാറെന്ന് ജില്ലാ ആശുപത്രി
1549147
Friday, May 9, 2025 4:38 AM IST
തിങ്കളാഴ്ച അന്വേഷണ റിപ്പോർട്ട് നൽകും
ആലുവ: ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മധ്യവയസ്കന്റെ മൃതദേഹം അഴുകിയെന്ന പരാതിയിൽ ആശുപത്രിതല അന്വേഷണം ആരംഭിച്ചു. കളമശേരിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ എഴുപുന്ന വിനിതാ ഭവനത്തിൽ സാബുവി(45)ന്റെ മൃതദേഹം ഫ്രീസർ ഓൺ ചെയ്യാതെ അഴകിയെന്നാണ് ബന്ധുക്കളുടെ പരാതി.
മോർച്ചറിയിലെ സിസി ടിവി പരിശോധനയിൽ ഫ്രീസർ സ്വിച്ച് ഓൺ ചെയ്തിരുന്നതായും അതിനു ശേഷം ആരും സമീപത്തേക്ക് വന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഫ്രീസറിന് സാങ്കേതിക തകരാർ വന്നിട്ടുണ്ടാകാമെന്നാണ് ആദ്യ വിലയിരുത്തൽ.
ചൊവ്വാഴ്ച്ച ഡോക്ടറെ കാണാൻ ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് സാബു കുഴഞ്ഞുവീണ് മരിച്ചത്. തുടർന്നാണ് മോർച്ചറിയിൽ മൃതദേഹം ഒരു ദിവസം സൂക്ഷിച്ചത്. തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്നതിനാൽ ഇൻക്വസ്റ്റ് തയാറാക്കാൻ എസ്ഐ അവധിയെന്ന പേരിൽ എത്തിയില്ലെന്നും, പകരം കാലടിയിൽ നിന്ന് പോലീസ് വൈകിയാണ് എത്തിയതെന്നും ആരോപണമുണ്ട്.
ഇന്ന് ബന്ധുക്കൾ എസ്പിയെ നേരിൽ കണ്ട് രണ്ട് വിഷയങ്ങളിലും പരാതി നൽകും. ഫ്രീസർ പ്രവർത്തിച്ചില്ലെന്ന പരാതിയിന്മേൽ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണ റിപ്പോർട്ട് തിങ്കളാഴ്ച ഡിഎംഒയ്ക്ക് കൈമാറും.