മഹിളാലയം-തുരുത്ത്, ചൊവ്വര-തുരുത്ത് പാലങ്ങൾ രാത്രി ഇരുട്ടിൽ
1548876
Thursday, May 8, 2025 4:45 AM IST
ആലുവ: സീപോർട്ട് -എയർപോർട്ട് റോഡിലുള്ള മഹിളാലയം-തുരുത്ത്, ചൊവ്വര-തുരുത്ത് പാലങ്ങളിലെ തെരുവുവിളക്കുകൾ രാത്രി 10 ഓടെ അണയുന്നതായി പരാതി. കൊച്ചി വിമാനത്താവളത്തിലേക്ക് അടക്കം രാവും പകലും നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന മഹിളാലയം-തുരുത്ത്, ചൊവ്വര-തുരുത്ത് പാലങ്ങളിൽ വഴിവിളക്കുകൾ അണയുന്നത് സാമൂഹ്യ വിരുദ്ധർക്ക് ഗുണവുമായിരിക്കുകയാണ്.
പാലത്തിന്റെ ഇരുവശത്തുമുള്ള 156 ചെറിയ എൽഇഡി ലൈറ്റുകളിൽ ഒരു ഭാഗത്തുള്ള പകുതി ലൈറ്റുകൾ മാത്രമാണ് ഇപ്പോൾ പ്രകാശിക്കുന്നത്. അതാണ് രാത്രി 10 ആകുമ്പോഴേയ്ക്കും അണയുന്നത്. ഇതോടെ രണ്ട് പാലത്തിലേയും വഴിവിളക്കുകൾ കണ്ണടയ്ക്കുകയാണ്. ലൈറ്റ് സമയം സെറ്റ് ചെയ്തിരിക്കുന്നത് 10 വരെയായതാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടായിരിക്കുന്നത്.
പാലത്തിൽ നിന്നും മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിയുന്നതും പതിവാകുന്നുണ്ട്. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധരും പാലം താവളമാക്കുന്നതായും പരാതിയുണ്ട്.
മഹിളാലയം-തുരുത്ത് പാലത്തിലെയും, തുരുത്ത് - ചൊവ്വര പാലത്തിലെയും വൈദ്യുത വിളക്കുകൾ മുഴുവൻ വൈകിട്ട് ആറു മുതൽ രാവിലെ ആറു വരെ പ്രകാശിപ്പിക്കുന്നതിന് നടപടി കൈക്കൊള്ളണമെന്ന് അവശ്യപ്പെട്ട് തുരുത്ത് സമന്വയ ഗ്രാമവേദി കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.