ഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ പണിമുടക്ക് മുന്നറിയിപ്പുമായി തൊഴിലാളികള്‍
1549150
Friday, May 9, 2025 4:38 AM IST
മാസങ്ങളായി കോണ്‍ട്രാക്ടര്‍മാര്‍ കരാര്‍ പുതുക്കാന്‍ തയാറാകാത്തതാണ് കാരണമെന്ന് യൂണിയൻ
കൊച്ചി: ഐഒസിയുടെ ഉദയംപേരൂര്‍ എല്‍പിജി ബോട്ലിംഗ് പ്ലാന്റില്‍ ഹൗസ് കീപ്പിംഗ്, ലോഡിംഗ് ആന്‍ഡ് അണ്‍ലോഡിംഗ് വിഭാഗങ്ങളില്‍ മാസങ്ങളായി കോണ്‍ട്രാക്ടര്‍മാര്‍ കരാര്‍ പുതുക്കാന്‍ തയാറാകാത്തതോടെ പണിമുടക്ക് മുന്നറിയിപ്പുമായി തൊഴിലാളികള്‍. സമയബന്ധിതമായി കരാര്‍ പുതുക്കാത്തതുമൂലം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ്.
വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരം കാണാത്ത സാഹചര്യത്തില്‍ 15 മുതല്‍ പണിമുടക്കിലേക്ക് പോകേണ്ട അവസ്ഥയാണെന്നും ഐഎന്‍ടിയുസി ഐഒസി യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് ജോണ്‍ ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രശ്നപരിഹാരത്തിന് ഇടപെടാനാകില്ലെന്ന നിലപാടിലാണ് ഐഒസി. ജില്ലാ കളക്ടര്‍ക്ക് നല്കിയ കത്തിന്റെ പശ്ചാത്തലത്തില്‍ 12ന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അതേസമയം ലേബര്‍ ഓഫീസറില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ല. ഹൗസ്കീപ്പിംഗ് വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് കരാര്‍ അവസാനിച്ചു. ലോഡിംഗ് വിഭാഗത്തില്‍ കരാര്‍ നടപടികളുമായി കോണ്ട്രാക്ടര് സഹകരിക്കാത്ത സാഹചര്യവുമാണ് നിലവിലുള്ളത്.
ടെന്‍ഡര്‍ സമയത്ത് കോണ്‍ട്രാക്ടര്‍മാര്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ കരാര്‍ ഇല്ലാത്തതുമൂലം തൊഴിലാളികള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങളും നഷ്ടമാവുകയാണ്.
തൊഴിലാളികളുടെ ഇൻഷ്വറന്‍സ് പരിരക്ഷ, കമ്പനി മെയിന്റനന്‍സ് എന്നിവയും കൃത്യമായി പാലിക്കുന്നില്ല. ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങളില്‍ കോൺട്രാക്ടറുടെ ഭാഗത്തുനിന്ന് യാതൊരു സഹായങ്ങളും ലഭിക്കാതെയായെന്നും നൂറില്‍ അധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന പ്ലാന്റില്‍ വൃത്തിയുള്ള ശുചിമുറി സൗകര്യം ഇല്ലെന്നും ഐഎന്‍ടിയുസി നേതാക്കള്‍ പറഞ്ഞു.
പി.സി. സുനില്‍കുമാര്‍, എം.പി. പ്രദീപ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ എട്ട് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം ഉദയംപേരൂരില്‍ നിന്നാണ് നടക്കുന്നത്.