ഓപ്പറേഷൻ തിയറ്ററും ലേബർ റൂമും തുറക്കാൻ കോണ്ഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
1548897
Thursday, May 8, 2025 5:04 AM IST
കോതമംഗലം: താലൂക്ക് ആശുപത്രിയിൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഓപ്പറേഷൻ തിയറ്ററും ലേബർ റൂമും തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം നിർവഹിച്ചു.
സാധാരണക്കാരും ഗർഭിണികളും അടങ്ങുന്ന നൂറുകണക്കിനാളുകൾക്ക് ചികിത്സ നിഷേധിക്കുന്ന നിലപാടാണ് ആശുപത്രി അധികാരികൾ സ്വീകരിക്കുന്നത്. ആശുപത്രിയിൽ മൂന്നോളം ആംബുലൻസുകൾ നിരത്തിലിറക്കാൻ പറ്റാതെ കിടക്കുന്നതും എക്സ്റേ യൂണിറ്റ് കൃത്യമായി പ്രവർത്തിക്കാത്തതും ഓർത്തോ ഡോക്ടർ ഒരു വർഷമായി ഇല്ലാത്തതും അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഉത്തരവാദികൾ എംഎൽഎയും നഗരസഭാധ്യക്ഷനുമാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
എത്രയും വേഗം പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ കോണ്ഗ്രസ് ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ അധ്യക്ഷത വഹിച്ചു.