സിവില്‍ ഡിഫന്‍സ് മോക്ക്ഡ്രില്‍ പൂര്‍ണം
1548867
Thursday, May 8, 2025 4:27 AM IST
കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ പൂര്‍ണം. വൈകുന്നേരം നാലു മുതല്‍ 4.30 വരെയായിരുന്നു മോക്ക് ഡ്രില്‍. നാലോടെ കളക്ടറേറ്റില്‍ അപായ സൈറണുകള്‍ മുഴങ്ങിയതോടെ കളക്ടറേറ്റും പരിസരവും ഇരുട്ടിലായി. ജീവനക്കാര്‍ സുരക്ഷയുടെ ഭാഗമായി ഓഫീസിലെ ലൈറ്റുകള്‍, കംപ്യൂട്ടറുകള്‍, മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ എല്ലാം ഓഫ് ചെയ്തു സുരക്ഷിതരായി ഓഫീസുകളില്‍ തന്നെ ഇരുന്നു.
ഒപ്പം കളക്ടറേറ്റിലെ ഒന്നാം നിലയില്‍ തീ പടര്‍ന്നതോടെ അഗ്നി രക്ഷാ വിഭാഗം സംഭവസ്ഥലത്തേക്ക് കുതിച്ചു. ജില്ലാ കളക്ടറും സംഘവും സംഭവം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. അഗ്നിരക്ഷാ വിഭാഗം ലാഡറുകള് ഉപയോഗിച്ച് ഒന്നാം നിലയിലേക്ക് പ്രവേശിച്ച് തീ അണയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് ഒന്നാം നിലയില്‍ കുടുങ്ങിപ്പോയ ഓഫീസ് ജീവനക്കാരെ പുറത്തെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികളും അതിവേഗം നടത്തി.
നാലരയോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതിന്റെ സൈറണ്‍ കൂടി മുഴുകിയതോടെ കളക്ടറേറ്റും ഓഫീസും പൂര്‍വ സ്ഥിതിയിലായി. ദുരന്തനിവാരണ വിഭാഗം, അഗ്നിശമനസേന, ആരോഗ്യവകുപ്പ്, സിവില്‍ ഡിഫന്‍സ് വിഭാഗം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ കെ മനോജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.ബി. ബിജു, ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്, അഗ്നി രക്ഷാ വിഭാഗം എന്നിവര്‍ മോക്ക് ഡ്രില്ലിന് നേതൃത്വം നല്കി.
കളക്ടറേറ്റ് കൂടാതെ ലുലു മാള്‍, കൊച്ചി മെട്രോ, ഹൈക്കോടതി, സിയാല്‍, ഗസ്റ്റ് ഹൗസ് എറണാകുളം, മറൈന്‍ഡ്രൈവ്, ഷിപ്പ്യാര്ഡ്, ബിസിജി റസിഡന്‍ഷ്യല്‍ ടവര്‍ തമ്മനം, ബിപിസിഎല്‍ കൊച്ചിന് റിഫൈനറി, കൊച്ചി കോര്പറേഷന്, ജില്ലയിലെ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും മോക്ക് ഡ്രില്‍ നടത്തി.
കൊച്ചിന് ഷിപ്യാര്ഡില് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തി. കേരള ഫയര്‍ ഫോഴ്സ്, സിവില്‍ ഡിഫന്‍സ് ടീം, കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ, സിഐഎസ്എഫ്, ഡിജിആര്‍ ഗാര്‍ഡ്സ് എന്നിവരുമായി സഹകരിച്ചാണ് അഭ്യാസം ഏകോപിപ്പിച്ചത്. അടിയന്തര സാഹചര്യങ്ങള്‍ അനുകരിക്കുന്നതിന് കപ്പല്ശാലയിലുടനീളമുള്ള വൈദ്യുതി, ഗ്യാസ് വിതരണങ്ങള്‍ നിര്‍ത്തലാക്കി. സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ ചലന നിയന്ത്രണങ്ങള്‍ നടപ്പിലാക്കി.
ലുലു മാളില്‍ നടന്ന മോക്ഡ്രില്ലില്‍ ഷോപ്പുകളിലെയും പരിസരങ്ങളിലെയും ലൈറ്റുകള്‍ ഓഫ് ചെയ്തു. അകത്ത് കുടുങ്ങിയവരെ സുരക്ഷയുടെ ഭാഗമായി പുറത്തേക്ക് വിടാതെ സംരക്ഷിച്ചു. അരമണിക്കൂറിനു ശേഷം സുരക്ഷാ മണി മുഴങ്ങിയതോടെ എല്ലാം പൂര്‍വ സ്ഥിതിയിലായി.
മെട്രോ സ്റ്റേഷനുകളിലും
വൈകുന്നേരം നാലിന് മെട്രോയുടെ ഓപ്പറേഷന് ആന്‍ഡ് കണ്ട്രോള് റൂമില്‍ നിന്ന് സൈറണ്‍ മുഴക്കുകയും എല്ലാ സ്റ്റേഷനിലേക്കും അറിയിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് കണ്ട്രോള് റൂമിലെ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് ജീവനക്കാരെല്ലാം ഉള്ളിലെ സുരക്ഷിതമായ സ്ഥലത്ത് ഒത്തുചേർന്നു.
വിവിധ സ്റ്റേഷനുകളിലും ഈ നടപടിക്രമം പാലിച്ചു. മോക്ക്ഡ്രില്‍ സമയത്ത് സ്റ്റേഷനുകളില്‍ എത്തിയ ട്രെയിനുകള്‍ അവിടെ കുറച്ചുസമയം ഡ്രില്ലിന്റെ ഭാഗമായി നിര്‍ത്തിയിട്ടശേഷം സര്‍വീസ് പുനരാരംഭിച്ചു.
മോക്ക്ഡ്രില്‍ സമയത്ത് സ്റ്റേഷനുകളില്‍ എത്തിയ വാട്ടര്‍മെട്രോ ബോട്ടുകളും അതത് സ്റ്റേഷനുകളില്‍ കുറച്ചുസമയം നിര്‍ത്തിയിട്ടശേഷം സര്‍വീസ് പുനരാരംഭിച്ചു. മെട്രോ കോര്‍പറേറ്റ് ഓഫീസില്‍ വൈകുന്നേരം നാലിന് സൈറണ്‍ മുഴക്കുകയും മോക്ക് ഡ്രില്‍ സമയം ലൈറ്റുകള്‍ ഓഫ് ചെയ്യുകയും ചെയ്തു.