എടവനക്കാട് രണ്ടുപേർ താമസിക്കുന്ന വീട്ടിൽ കുടിവെള്ള ബിൽ 20,862 രൂപ
1549159
Friday, May 9, 2025 4:51 AM IST
കൂടുതൽ വെള്ളം ഉപയോഗിക്കുന്നില്ലെന്ന് ഗൃഹനാഥൻ
വൈപ്പിൻ : വല്ലപ്പോഴും കുടിവെള്ളമെത്തുന്ന എടവനക്കാട് രണ്ടു പേർ താമസിക്കുന്ന വീട്ടിൽ 20,862 രൂപയുടെ ബിൽ നൽകി വാട്ടർ അഥോറിട്ടിയുടെ പകൽക്കൊള്ള.
എടവനക്കാട് സ്രാമ്പിക്കൽ സംജാതിനാണ് വാട്ടർ അഥോറിട്ടി ഇങ്ങിനെ കൊള്ളയടിക്കുന്നബിൽ നൽകിയിട്ടുള്ളത്. മാർച്ച് ഒമ്പതു മുതൽ മെയ് ഏഴു വരെയുള്ള ദ്വൈമാസ ബില്ലാണിത്. സാധാരണ രണ്ടു മാസം കൂടുമ്പോൾ 650 രൂപ മാത്രം അടവു വന്നിരുന്നിടത്താണ് ഈ ഭീമമായ തുക വന്നിട്ടുള്ളത്.
ഇതിൽ ദ്വൈമാസ റീഡിംഗ് പ്രകാരം 8,874 രൂപയും ബാക്കി 11,988 രൂപ കൂടുതലായി ഉപയോഗിച്ചതിനുള്ള അഡീഷണൽ ചാർജുമാണ്. എന്നാൽ ഇങ്ങിനെയൊരു ബില്ല് വരാൻ താൻ ഇതുവരെ മിനിമത്തിൽ താഴെ അല്ലാതെ അധികമായി വെള്ളം ഉപയോഗിച്ചിട്ടില്ലെന്നാണ് ഗൃഹനാഥനാഥൻ പറയുന്നത്.
വാട്ടർ അഥോറിട്ടി ഓഫീസിൽ പോയി പരാതിപ്പെട്ടപ്പോൾ മീറ്റർ പരിശോധിക്കട്ടെ എന്ന മറുപടി മാത്രമാണ് കിട്ടിയതെന്നും ഗൃഹനാഥൻ അറിയിച്ചു.