ആലുവ ഫാംഫെസ്റ്റ് സമാപിച്ചു
1548880
Thursday, May 8, 2025 4:45 AM IST
സൗജന്യ സന്ദർശനം ശനിയാഴ്ച വരെ
ആലുവ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിൽ ആദ്യമായി സംഘടിപ്പിച്ച ത്രിദിന 'ആലുവ ഫാം ഫെസ്റ്റ് 2025' സമാപിച്ചു. സമാപന സമ്മേളനം റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി.
ആലുവ പാലസിൽ നിന്ന് തുരുത്ത് വിത്തുത്പാദന കേന്ദ്രത്തിലേക്കുള്ള സൗജന്യ ബോട്ട് 10 വരെ തുടരും. ഫാം ഫെസ്റ്റിന്റെ ഭാഗമായ സ്റ്റാളുകൾ ഉണ്ടാകില്ലെങ്കിലും പൊതുജനങ്ങൾക്ക് ഫാം സൗജന്യമായി സന്ദർശിക്കാം.
12 മുതൽ പൊതുജനങ്ങൾക്ക് 20 രൂപ ടിക്കറ്റ് എടുത്ത് ആലുവ പാലസിൽ നിന്ന് ഫാമിലേക്ക് ബോട്ടിൽ എത്താം. കല്യാണ-സേവ് ദ ഡേറ്റ് ഫോട്ടോകൾ എടുക്കുന്നതിനും സൗകര്യമേർപ്പെടുത്തും. ആയിരം രൂപ നൽകിയാൽ പാലസിൽ നിന്ന് തുരുത്തിലേക്ക് ബോട്ടിലെത്തി ഫോട്ടോയെടുത്ത് മടങ്ങാം.
പാലസിൽ നിന്ന് ഫാമിലെത്തിയ ശേഷം പരുന്തുറാഞ്ചി മണപ്പുറം കൂടി ചുറ്റി തിരികെ പാലസ് കടവിലെത്തുന്ന പാക്കേജും തയാറാക്കിയിട്ടുണ്ട്. 12 പേർക്ക് 1,200 രൂപയാണ് നിരക്ക്.