അപൂർവ കാഴ്ച്ചയൊരുക്കി നടപ്പാതയിൽ കടന്പ് മരം പൂത്തുലഞ്ഞു
1548891
Thursday, May 8, 2025 4:58 AM IST
മൂവാറ്റുപുഴ: അപൂർവ കാഴ്ച്ചയൊരുക്കി മൂവാറ്റുപുഴയാറിന്റെ പുഴയോര നടപ്പാതയിൽ കടന്പ് മരം പൂത്തുലഞ്ഞു. തൊടുപുഴയാറിനോട് ചേർന്ന് പുഴയോര നടപ്പാതയിൽ കൈയെത്തും ദൂരത്തിലാണ് കൗതുക കാഴ്ചയായി കടന്പ് മരം പൂത്തുലഞ്ഞ് നിൽക്കുന്നത്.
റംന്പൂട്ടാൻ പഴത്തിന്റെ ആകൃതിയിൽ പുഴയോരത്ത് ഓറഞ്ച് വസന്തത്തിൽ പൂത്ത് നിൽക്കുന്ന കടന്പ് മരം കാഴ്ചക്കാരെ ആകർഷിക്കുന്നതാണ്. ആറ്റുതേക്ക്, വെള്ളക്കടന്പ് എന്നീ പേരുകളിലും അറിയപ്പെടുന്ന കടന്പ് മരത്തിൽ സൂര്യ ബിംബത്തെ രശ്മികൾ അലങ്കരിക്കുന്നതുപോലെയാണ് നിരവധി ചെറിയ കൂട്ടമായി ഓറഞ്ചും വെളുപ്പും നിറം കലർന്ന പൂവുകൾ കാഴ്ചയൊരുക്കുന്നത്.
പുഴയോര നടപ്പാതയിലൂടെ പ്രഭാത-സായാഹ്ന സവാരിക്കെത്തുന്നവർക്കും സഞ്ചാരികൾക്കും മനോഹര കാഴ്ചയാണ് കടന്പ് മരം ഒരുക്കുന്നത്. മരത്തിന്റെ പട്ട, പൂവ്, കായ, എന്നിവ ഔഷധങ്ങളായും പൂവുകൾ പൂജാദികർമങ്ങൾക്കായും ഉപയോഗിക്കപ്പെടുന്നതായി പറയപ്പെടുന്നുണ്ട്. ലതാ പാലത്തിന് സമീപമായി ത്രിവേണി സംഗമതീരം നടപ്പാതയിലേക്ക് തണൽ വിരിച്ചാണ് കടന്പ് മരം നിൽക്കുന്നത്.