ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു
1549145
Friday, May 9, 2025 4:38 AM IST
കോതമംഗലം: കുട്ടമ്പുഴ കല്ലേലിമേടിന് സമീപം വനപാതയിലൂടെ നടന്നുപോകുകയായിരുന്ന ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു. കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധര്മ്മണിക്ക് (45) നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കല്ലേലിമേട്ടിലെ റേഷന്‍കടയില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഗോപി ധര്‍മ്മണി. ചാമിക്കുത്ത് ഭാഗത്ത് പാതയോരത്ത് നിന്നിരുന്ന ആനക്കൂട്ടം ഗോപിക്ക് നേരെ തിരിഞ്ഞു. ഒരു ആന തുമ്പിക്കൈകൊണ്ട് തന്നെ ആക്രമിച്ചെന്ന് ഗോപി പറഞ്ഞു.
വനപാലകരാണ് ഗോപിയെ ആംബുലന്‍സില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം ഗോപിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.