വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാനപാതയിൽ അശാസ്ത്രീയ പരിഷ്കാരങ്ങളെന്ന്
1549160
Friday, May 9, 2025 4:51 AM IST
ചെറായി: വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാന പാതയിൽ നടത്തി വരുന്ന നവീകരണങ്ങൾ പലതും അപകടങ്ങൾ വർധിപ്പിക്കുന്ന അശാസ്ത്രീയ പരിഷ്കാരങ്ങളെന്ന് ആക്ഷേപം.നിലവിൽ ചെറിയ കൾവർട്ടുകൾ ഉണ്ടായിരുന്നിടത്ത് റോഡ് വീതി കൂട്ടിയെങ്കിലും കൾവർട്ടുകളുടെ വീതി കൂട്ടിയിട്ടില്ല.
ഇതാകട്ടെ ഇരുചക്ര വാഹന മുൾപ്പെടെയുള്ളവക്ക് വൻ ഭീഷണിയായി മാറിയിരിക്കുകയാണ്. അയ്യമ്പള്ളി ജനത ഭാഗത്ത് ഇത്തരത്തിലുള്ള കൾവർട്ടിനെതിരെ വ്യാപക ആക്ഷേപമുയർന്നതിനെ തുടർന്ന് സ്ലാബ് സ്ഥാപിച്ച് പ്രശ്നം പരിഹരിച്ചിരുന്നു.
എന്നാൽ ചെറായി ഗൗരീശ്വരം തെക്ക് ഭാഗത്താകട്ടെ സ്ലാബ് വാർക്കുന്നതിനു പകരം കനാൽ ഭാഗത്ത് റോഡിനു കുറകെ സംരക്ഷണ ഭിത്തി നിർമിക്കുകയാണ് ചെയ്തത്. ചെറിയ വളവും ഇടുങ്ങിയ റോഡും ഉള്ള ഇവിടമാകട്ടെ നേരത്തെ തന്നെ അപകട മേഖലയാണ്.
റോഡ് നവീകരണം വന്നതോടെ അപകടങ്ങൾ വർധിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇവിടെ വീതി കൂട്ടിയിടത്ത് കനാലിനു കുറുകെ സ്ലാബ് സ്ഥാപിക്കുകയും റോഡിനു കുറുകെയുള്ള സരക്ഷണ ഭിത്തി പൊളിച്ചു മാറ്റുകയും വേണമെന്ന് സ്ഥലവാസികൾ ആവശ്യപ്പെട്ടു.