കണ്ണീരിലെഴുതി, അച്ഛന്റെ മോഹം സഫലമാക്കി ദുർഗ
1549387
Saturday, May 10, 2025 4:17 AM IST
കാലടി: അച്ഛന്റെയും തന്റെ കൊച്ചു സഹോദരന്റെയും വിയോഗത്തിന്റെ തീരാവേദന ഉള്ളിലൊതുക്കി എസ്എസ്എൽസി പരീക്ഷ എഴുതിയ ദുർഗയ്ക്ക് ഫുൾ എ പ്ലസിന്റെ വിജയമാധുര്യം. മലയാറ്റൂർ മധുരിമ കവലയ്ക്ക് സമീപം താമസിക്കുന്ന നെടുവേലി ഗംഗയുടെ മകൾ ദുർഗ ഗംഗയാണ് അച്ഛനും സഹോദരനും അപകടത്തിൽ മരിച്ചതിന്റെ നൊന്പരം പേറി, എസ്എസ്എൽസി എഴുതി ഉന്നത വിജയം കരസ്ഥമാക്കിയത്.
ദുർഗയുടെ പരീക്ഷാ ദിവസങ്ങളിലാണ് ഗംഗയും മകനും പെരിയാറിൽ മുങ്ങിമരിച്ചത്. മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂളിലെ അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും പ്രയത്നത്തിന്റെ ഫലമായാണ് അച്ഛന്റെ വലിയ പ്രതീക്ഷയായിരുന്ന ദുർഗയെ പരീക്ഷാ ഹാളിൽ എത്തിക്കാനായത്. ദുർഗ, സകല സങ്കടങ്ങളും മനസിലൊതുക്കി, പരീക്ഷയെഴുതുകയും അച്ഛന്റെ പ്രതീക്ഷ സഫലമാക്കുകയും ചെയ്തു.