യുവാവിന്റെ ആഭരണം പിടിച്ചുപറിച്ചവർ പിടിയില്‍
1549393
Saturday, May 10, 2025 4:17 AM IST
കൊച്ചി: യുവാവിന്റെ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചുപറിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് കടുക്കാതി ഹൗസില്‍ സലീം ബീരാന്(ബണ്ടി ചോര്‍-55), തോപ്പുംപടി വെസ്റ്റ് കരുവേലിപ്പടി അരക്കാപറമ്പില് കുഞ്ഞുമോന്(57) എന്നിവരെയാണ് ഫോര്‍ട്ടുകൊച്ചി പോലീസ് അറസ്റ്റു ചെയ്തതത്.
കഴിഞ്ഞ 20നായിരുന്നു കേസിനാസ്പദമായ സംഭവം. മാന്ത്ര പാലത്തിനു സമീപം റോഡരികില്‍ ഇരുന്നു മയങ്ങുകയായിരുന്ന യുവാവിന്റെ കൈയില്‍ നിന്നും വിവാഹമോതിരവും മറ്റൊരു മോതിരവും ബലമായി പ്രതികള്‍ പിടിച്ചുപറിക്കുകയായിരുന്നു.
തടയാന്‍ ശ്രമിച്ച യുവാവിനെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ച ശേഷം പ്രതികള്‍ സ്കൂട്ടറില്‍ കടന്നുകളഞ്ഞു. യുവാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിസി ടിവി ദൃശ്യങ്ങളും സംശയിക്കുന്നവരുടെ ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പുലര്‍ച്ചെ പ്രതികളെ വീടുകളില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ഫോര്‍ട്ടുകൊച്ചി ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.