പള്ളിപ്പുറത്തും എടവനക്കാട്ടും വെള്ളം ശേഖരിക്കുന്നതിൽ റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും നിയന്ത്രണം
1549153
Friday, May 9, 2025 4:51 AM IST
ചെറായി: കടുത്ത കുടിവെള്ള ക്ഷാമത്തെ തുടർന്ന് പള്ളിപ്പുറം, എടവനക്കാട് തീരമേഖലയിൽ വെള്ളം ശേഖരിക്കുന്നതിൽ റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും നിയന്ത്രണമേർപ്പെടുത്തുന്നു.
സ്ഥലവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത് ഈ ഭാഗത്തെ സ്ഥാപനങ്ങൾ അധികമായി ജലം ഉറ്റുന്നത് കൊണ്ടാണെന്ന നിഗമനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മേഖലകളിലെ റിസോർട്ടുകൾ, ഹോട്ടലുകൾ , ഹോം സ്റ്റേകൾ, ബാറുകൾ എന്നിവയ്ക്ക് കുടിവെളളം ശേഖരിക്കുന്നതിൽ ഇന്ന് മുതലാണ് നിയന്ത്രണമെർപ്പെടുത്തുക.
വൈകുന്നേരം മൂന്നു മുതൽ ആറുവരെ ഇത്തരം സ്ഥാപനങ്ങൾ സ്വയം കുടിവെള്ള വാൽവ് പൂട്ടണമെന്നാണ് ഇന്നലെ വാട്ടർ അഥോറിട്ടി അധികൃതർ വിളച്ചു ചേർത്ത റിസോർട്ട് സംഘടനാ പ്രതിനിധികളുടേയും എടവനക്കാട് , പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തിൽ എടുത്ത തീരുമാനം.
നിർദേശം പാലിക്കുന്നുണ്ടോയെന്ന് കർശനമായ പരിശോധനയുണ്ടാകും. നിർദേശം ലംഘിക്കുന്നവരുടെ കണക്ഷൻ താത്കാലികമായി വിഛേദിക്കുമെന്നും അധികൃതർ യോഗത്തിൽ അറിയിച്ചു.
ഒരാഴ്ചയ്ക്ക് ഇത് പരീക്ഷിക്കും. ഇതിനുശേഷവും കുടിവെള്ളക്ഷാമം തുടരുകയാണെങ്കിൽ വീണ്ടും യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കാനാണ് നിർദേശം.