കരിഞ്ചന്തയിൽ റെയിൽവേ ടിക്കറ്റ് വില്പന; ബംഗാൾ സ്വദേശി പിടിയിൽ
1549148
Friday, May 9, 2025 4:38 AM IST
ട്രെയിൻ ഇ-ടിക്കറ്റ്, തിരിച്ചറിയൽ കാർഡ് കോപ്പികൾ, ലാപ്ടോപ്പ് എന്നിവ പിടിച്ചെടുത്തു
ആലുവ: റെയിൽവേ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ ബംഗാൾ സ്വദേശി പിടിയിലായി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സാഹേബ്രെയിൻപൂരി കീർത്തനിയാപാര ജമീനുൽ ഇസ്ലാം മണ്ഡൽ (28) ആണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പിടിയിലായത്.
കഴിഞ്ഞ രണ്ടര വർഷമായി പെരുമ്പാവൂർ അക്ഷര എന്ന മൊബൈൽ കടയിൽ ടെക്നീഷ്യനായാണ് ഇയാൾ ജോലി ചെയ്യുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് റെയിൽവേ ടിക്കറ്റ് എടുത്ത ശേഷം കൂടിയ വിലയ്ക്ക് വിൽപ്പന നടത്തുന്നതാണ് രീതി.
ഇയാളിൽ നിന്ന് 11,000 രൂപ വില വരുന്ന ആറ് ട്രെയിൻ ഇ ടിക്കറ്റ്, 10,000 രൂപ വിലവരുന്ന കാലാവധി കഴിഞ്ഞ നാല് ഇ ടിക്കറ്റുകൾ എന്നിവ പിടിച്ചെടുത്തു. തിരിച്ചറിയൽ കാർഡിന്റെ മൂന്ന് പകർപ്പുകളും ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്.
റെയിൽവേ അഡ്മിനിസ്ട്രേഷന്റെയും ഐആർസിടിസിയുടെയും അനുമതിയില്ലാതെയാണ് ഇയാൾ ടിക്കറ്റുകൾ റിസർവ് ചെയ്തിരുന്നത്. പ്രതിയെ എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.
ആർപിഎഫ്എഎസ്ഐമാരായ കെ. സുരേഷ്, സിജോ സേവ്യർ, ഫിലിപ്പ് ജോൺ, ഇന്റലിജൻസ് ബ്രാഞ്ച് എസ്ഐ പ്രൈസ് മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.