ഇറച്ചിക്കോഴി ഉത്പാദനച്ചെലവ് : കൂടിയെന്നു കർഷകർ
1549151
Friday, May 9, 2025 4:38 AM IST
കൊച്ചി: ഇറച്ചിക്കോഴിയുടെ വർധിക്കുന്ന ഉത്പാദനച്ചെലവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി കർഷകർ. നികുതി പരിഷ്കാരവും സർക്കാർ നിയന്ത്രണങ്ങളും ചെറുകിട സംരംഭകരെയും കർഷകരെയും പ്രതികൂലമായി ബാധിക്കുന്നുന്നുണ്ട്. നിലവിൽ ഒരു കിലോ ഉത്പാദിപ്പിക്കാൻ 98 രൂപയാണ് ചെലവ്.
കഴിഞ്ഞ ഒന്പതു മാസത്തോളമായി 60-80 രൂപയാണു കിലോയ്ക്കു ഫാമിൽ ലഭിച്ചതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഉത്പാദനച്ചെലവും നഷ്ടവും കണക്കിലെടുത്തു ചെറുകിട കർഷകർ വലിയ തോതിൽ ഈ മേഖല ഉപേക്ഷിക്കുന്നതായും കേരള ബ്രോയ്ലർ ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
കരാറടിസ്ഥാനത്തിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തി സംരംഭകർക്കു കൈമാറുന്ന ചെറുകിട കർഷകരും ഉത്പാദനച്ചെലവ് വർധിച്ചതിൽ ബുദ്ധിമുട്ടുകയാണ്. കോഴിഫാമുകളിൽ വിരിപ്പായി ഉപയോഗിക്കുന്ന ചകിരിച്ചോറിനു രണ്ടു വർഷം മുന്പു ചാക്കിന് 120 രൂപ ആയിരുന്നെങ്കിൽ ഇപ്പോഴത് 240 രൂപയിലേക്ക് ഉയർന്നു. ചെലവിനനുസരിച്ചു കോഴിയുടെ റീട്ടെയിൽ വില വർധിക്കാത്തതു മൂലം സംരംഭകരും നഷ്ടത്തിലാണ്.
ഇതിനിടെ കോഴിഫാമുകൾക്ക് സർക്കാർ ഒറ്റത്തവണ നികുതി ഏർപ്പെടുത്തിയതും പ്രതിസന്ധിയാകുന്നുണ്ട്. ഒറ്റത്തവണ നികുതി, ആഡംബര ലേബർ സെസ് തുടങ്ങിയവ അന്യായമായി അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കി കർഷകരെ ഈ രംഗത്തു നിലനിർത്താൻ സഹായകമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കേരള ബ്രോയ്ലർ ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.