കാടിന്റെ മക്കള്‍ക്കൊപ്പം റാന്പില്‍ ചുവടുവച്ച് ഹൈബി ഈഡന് എംപി
1549146
Friday, May 9, 2025 4:38 AM IST
കൊച്ചി: കാടിന്റെ മക്കളുടെ സ്വപ്നം നിറവേറ്റി റാന്പില്‍ വിപ്ലവം സൃഷ്ടിച്ച് കൊച്ചി ലുലുമാളിലെ ഫാഷന്‍ വേദി. ലുലു ഫാഷന്‍ വീക്കിന്റെ ഉദ്ഘാടന വേദിയില്‍ തരംഗമായത് ആദിവാസി സമൂഹത്തിലെ കൗമാരക്കാരുടെ ചുവടുവയ്പ്പായിരുന്നു.
‘ലുലു ഫാഷന്‍ വീക്ക് 2025’ന്റെ ഉദ്ഘാടന വേദിയിലാണ് അടിമാലിയിലെ ആദിവാസി ഊരില്‍ നിന്നുള്ള കൗമാരക്കാര്‍ ചുവടുവച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡന് എംപിയും ഇവര്‍ക്കൊപ്പം ചുവടുവച്ചപ്പോള്‍ ആവേശം ഇരട്ടിയായി.
സ്റ്റൈലിസ്റ്റും മോഡലുമായ ഡാലു കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര മോഡലുകള്‍ക്കൊപ്പമാണ് ഊരിന്റെ മക്കളും ചുവടുവച്ചത്. ഫാഷന്‍ ഷോയും റാന്പ് വാക്ക് അടക്കമുള്ള പരിശീലനവും രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയാണ് സംഘത്തിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും റാംപിലെത്തിയത്.
ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണന്, കൊച്ചി റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം എന്നിവര്‍ കുട്ടികള്‍ക്കും ഊര് മൂപ്പനും ഉപഹാരം സമ്മാനിച്ചു. ഷോ ഡയറക്ടര്‍ ഡാലു കൃഷ്ണദാസിനെ ചടങ്ങില്‍ അനുമോദിച്ചു. ദിവസവും വൈകീട്ട് 4.30ന് ഫാഷന്‍ ഷോ തുടങ്ങും. 11ന് സമാപിക്കും.