‘ഭൂതത്താൻകെട്ട് ടൂറിസം; സർക്കാർ കരാർ റദ്ദാക്കണം’
1548890
Thursday, May 8, 2025 4:58 AM IST
കോതമംഗലം: ഭൂതത്താൻകെട്ട് ടൂറിസം സർക്കാർ എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിക്ക് നൽകിയ അഴിമതി കരാർ റദ്ദ് ചെയ്യണമെന്ന് മുൻ മന്ത്രി ടി.യു. കുരുവിള. ഭൂതത്താൻകെട്ട് ഇറിഗേഷൻ ഓഫീസിലേക്ക് കേരള കോണ്ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ മന്ത്രി.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിക്ക് പ്രവർത്തി മേഖലയിൽ യാതൊരു മുൻപരിചയവും ഇല്ലാത്തവരാണ്. ഒരു കോടി മാത്രം മൂലധനമുള്ള കന്പനിക്ക് 25.41 കോടിക്കാണ് കരാർ നൽകിയത്. ഇടതുപക്ഷ സർക്കാരും എംഎൽഎയും അഴിമതി മാത്രം ലക്ഷ്യമാക്കി ഭൂതത്താൻകെട്ടിലെ ടൂറിസം കച്ചവടം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വരുന്ന രണ്ടുവർഷംകൊണ്ട് ഈ പ്രദേശത്ത് ഏതാനും പ്രവർത്തനങ്ങൾ മാത്രം നടത്തുകയും അടുത്ത 30 വർഷക്കാലത്തേക്ക് ഭൂതത്താൻകെട്ടിലും അനുബന്ധ മേഖലയിലും ഫീസ് പിരിക്കുവാനുള്ള അവകാശവും കന്പനിക്ക് നൽകിയിരിക്കുകയാണ്. ഫീസിന്റെ അഞ്ച് ശതമാനം മാത്രമാണ് സർക്കാരിന് ലഭിക്കുന്നത്.
കേവലം ഒരു ബിനാമി കടലാസ് കന്പനിക്ക് സർക്കാർ നൽകിയ കരാർ റദ്ദ് ചെയ്ത് പ്രാദേശികമായി ആലോചനകൾ നടത്തി ഡിടിപിസി പോലെയുള്ള സർക്കാർ സംവിധാനങ്ങളിലൂടെ ഭൂതത്താൻകെട്ട് ടൂറിസം നടപ്പാക്കാത്ത പക്ഷം കൂടുതൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുപുറം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് അധ്യക്ഷത വഹിച്ചു.