കാത്തിരിപ്പിനൊടുവില്‍ പിഴലയില്‍ അപ്രോച്ച് റോഡ് റെഡി
1548866
Thursday, May 8, 2025 4:27 AM IST
കൊച്ചി: മൂന്നുവര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച പിഴല അപ്രോച്ച് റോഡിന്റെ പണികള്‍ ഒടുവില്‍ പൂര്‍ത്തിയായി. നാളെ റോഡ് നാടിന് സമര്‍പ്പിക്കും. 1.94 കോടി രൂപയില്‍ വിവിധ ഘട്ടങ്ങളിലായാണ് റോഡിന്റെ നിര്‍ണം പൂര്‍ത്തിയായത്. അവസാനവട്ട മിനുക്കു പണികള്‍ നടക്കുന്ന റോഡില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ വിരിക്കുന്ന ജോലികള്‍ അന്തിമഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ അപ്രോച്ച് റോഡ് പൂര്‍ണമായും സഞ്ചാരയോഗ്യമാകും.
കടമക്കുടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലായി ഉള്‍പ്പെടുന്ന പിഴല ദ്വീപ് നിവാസികളുടെ യാത്രാ ദുരിതത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ഗോശ്രീ ദ്വീപ് വികസന അഥോറിട്ടി (ജിഡ) അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് പ്രദേശത്തുകൂടി രോഗികളും, പ്രായമായവരും, സ്കൂള്‍ വിദ്യാര്‍ഥികളുമടക്കം ദുരിതം പേറിയാണ് ദിനവും ചെയ്തിരുന്നത്.
നേരത്തെ ഡിസംബറില്‍ പണി പൂര്‍ത്തായാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് നീണ്ടുപോയി. പിന്നീട് ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കിയ പണികളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
അപ്രോച്ച് റോഡ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തും ജിഡ ഓഫീസിലേക്കും നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു.
കാത്തിരുന്നത് മൂന്ന് വര്‍ഷം
വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിനൊടുവിലാണ് പിഴല പാലം നിര്‍മാണത്തിന് ഗോശ്രീ ദ്വീപ് വികസന അഥോറിട്ടി(ജിഡ) അനുമതി നല്‍കിയത്. ഒടുവില്‍ 2013 ഡിസംബര്‍ 19ന് പാലം നിര്‍മാണം ആരംഭിച്ചു. 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ നീണ്ടത് വര്‍ഷങ്ങളാണ്.
ഇതോടെ പൊറുതിമുട്ടിയ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് ഏഴ് വര്‍ഷത്തിന് ശേഷം 2020ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി പാലം തുറന്നുനല്‍കിയത്. എന്നാല്‍ പിഴലയിലേക്ക് എത്തിപ്പെടാന്‍ അപ്രോച്ച് റോഡ് നിര്‍മിക്കാത്തതു മൂലം പാലം പൂര്‍ണ തോതില്‍ ഉപയോഗിക്കാന്‍ നാളിതുവരെ പ്രദേശവാസികള്‍ക്കായില്ല.
അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ദ്വീപില്‍ രണ്ടര മീറ്ററില്‍ താഴെയാണ് റോഡിന് വീതി. ഇതുമൂലം പാലം വരെ മാത്രമാണ് വാഹനങ്ങള്‍ വരുന്നത്. അപ്രോച്ച് റോഡിനായുള്ള ആവശ്യം ശക്തമായതോടെ 350 മീറ്റര്‍ നീളമുളള അപ്രോച്ച് നിര്‍മാണവും പിന്നീട് ആരംഭിക്കുകയായിരുന്നു.