ബ്ലാക്ക് ഔട്ട് മോക്ക് ഡ്രിൽ നടത്തി
1548892
Thursday, May 8, 2025 4:58 AM IST
കോതമംഗലം: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധസാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദേശാനുസരണം കോതമംഗലം മിനി സിവിൽ സ്റ്റേഷനിലും മാമലക്കണ്ടം ഗവ. ഹൈസ്കൂളിലും ബ്ലാക്ക് ഔട്ട് മോക്ക് ഡ്രിൽ നടത്തി. മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിലെ 21 സർക്കാർ ഓഫീസുകളും മോക്ക് ഡ്രില്ലിൽ പങ്കെടുത്തു.
വൈകുന്നേരം നാലു മുതൽ 4.30 വരെ ഓഫീസുകൾ അടച്ച് ജീവനക്കാർ ജാഗ്രത പാലിച്ചു. മിനി സിവിൽ സ്റ്റേഷനിൽ സൈറണ്‍ ഇല്ലാത്തതുകൊണ്ട് ഫയർ ഫോഴ്സ് എത്തിയാണ് സൈറണ്‍ മുഴക്കിയത്. സൈറണ്‍ മൂന്നുവട്ടം മുഴങ്ങിയതോടെ ജീവനക്കാർ എല്ലാവരും ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് മുഴുവൻ ലൈറ്റുകളും അണച്ചു. വാതിലുകളും ജനാലകളും അടച്ചു.
ജനാലകളിൽ കർട്ടനിട്ടു. 4.28ന് സുരക്ഷ സൈറണ്‍ വീണ്ടും മുഴങ്ങിയതോടെയാണ് മോക്ക് ഡ്രിൽ ബ്ലാക്ക് ഔട്ട് അവസാനിച്ചത്. ഓരോ ഓഫീസിലും വകുപ്പുതല മേധാവികൾ നേതൃത്വം നൽകി. മാമലക്കണ്ടം ഗവ. ഹൈസ്കൂളിൽ ഫയർ ഫോഴ്സും പോലീസും പങ്കെടുത്തു.