പണിമുടക്ക്; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താളംതെറ്റി
1507700
Thursday, January 23, 2025 5:03 AM IST
മൂവാറ്റുപുഴ: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കിന്റെ ഭാഗമായി മൂവാറ്റുപുഴ മേഖലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താളംതെറ്റി. പൊതുജനങ്ങള്‍ നേരിട്ട് എത്തുന്ന റവന്യൂ ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമായി. മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളും മാറാടി വില്ലേജ് ഓഫീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ ഓഫീസുകളാണ് പണിമുടക്കിനെ തുടര്‍ന്ന് അടഞ്ഞുകിടന്നത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് എസ്ഇടിഒ-എന്‍ജിഒ അസോസിയേഷന് സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായാണ് മൂവാറ്റുപുഴയിലെയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നത്.