പണിമുടക്ക് : ആളനക്കമില്ലാതെ ജില്ലാ ഭരണകൂടം
1507679
Thursday, January 23, 2025 4:45 AM IST
കാക്കനാട്: സർക്കാർ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ ആഹ്വാനപ്രകാരം ഇന്നലെ നടന്ന പണിമുടക്കിൽ ജില്ലാ ഭരണകൂടം സ്തംഭിച്ചു കളക്ടറേറ്റ് മജിസ്റ്റീരിയൽ വിഭാഗത്തിലടക്കം കസേരകൾ ഒഴിഞ്ഞു കിടന്നു പണിമുടക്കു ദിവസം വിവിധ ഓഫീസുകളിൽ ജോലിക്കു ഹാജരാകുന്ന അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ഔദ്യോഗിക കൃത്യനിർവഹണത്തിനു വേണ്ട സുരക്ഷയൊരുക്കുമെന്ന് കളക്ടർ എൻ.എസ്.കെ. ഉമേഷ് മറ്റു സർവീസ് സംഘടനകൾക്ക് ഉറപ്പുനൽകിയിരുന്നു.
പണിമുടക്ക് ആഹ്വാനം ലംഘിച്ച് ജോലിക്ക് ഹാജരാകുന്ന ജീവനക്കാരെ വിദൂരങ്ങളിലേക്ക് സ്ഥലം മാറ്റുമെന്ന് സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്. സ്ഥലംമാറ്റം ഭയന്ന് വനിതാ ജീവനക്കാരടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർ പോലും ജില്ലാ കളക്ടർ നേരിട്ട് മേൽനോട്ടം വഹിക്കുന്ന കളക്ടറേറ്റ് ഭരണ വിഭാഗത്തിലടക്കം ജോലിക്കെത്തിയില്ല.
73ഓഫീസുകളിലായി 1300 ലധികം ജീവനക്കാർ ജോലി ചെയ്യുന്ന ജില്ലാ ഭരണകൂടത്തിലെ പല ഓഫീസുകളും ഇന്നലെ നിർജീവമായിരുന്നു.
അതേസമയം ഉദ്യോഗസ്ഥർ ഇന്നലെ പണിമുടക്കുന്ന വിവരം അറിയാതെ ഒട്ടേറെപ്പേർ ജില്ലയുടെ പല മേഖലകളിൽ നിന്നായി വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിലെത്തിയെങ്കിലും സീറ്റുകളിൽ ജീവനക്കാരെ ആരേയും കാണാത്തതിനാൽ മുതിർന്ന പൗരന്മാരടക്കമുള്ളവർ നിരാശയോടെ മടങ്ങിപ്പോകുകയായിരുന്നു.