മൂന്നു കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി
1507671
Thursday, January 23, 2025 4:45 AM IST
പെരുന്പാവൂർ: പെരുമ്പാവൂരിൽ അഞ്ഞൂറിലേറെ ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. പൊന്നാനി വെളിയംകോട് പുതിയ വീട്ടിൽ കമറുദീനാ(54)ണ് പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മൂന്ന് കോടിയോളം വില വരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
മുടിക്കൽ തടി ഡിപ്പോ റോഡിലുള്ള ഗോഡൗണിൽ ചാക്കിൽ അട്ടിയിട്ട നിലയിലാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. കുറച്ചുനാളുകളായി ഗോഡൗൺ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വിദേശരാജ്യങ്ങളിൽ വിൽക്കുന്ന സിഗരറ്റുകൾ, കാശ്മീരിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രം വിൽക്കുന്ന സിഗരറ്റുകൾ, ഹാൻസ് , പാൻപരാഗ്, മറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ അടക്കമുള്ളവയാണ് ചാക്കിലുണ്ടായിരുന്നത്.
ബംഗളൂരുവിൽ നിന്നും ലോറിയിൽ പുകയില ഉത്പന്നങ്ങൾ ഗോഡൗണിൽ എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും, ഇതര സംസ്ഥാനങ്ങളിലേക്കും ഏജന്റുമാർ വഴി വിൽപ്പന നടത്തുകയായിരുന്നു. ആലുവ ചാലക്കൽ ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്ന കമറുദീനാണ് ഗോഡൗൺ നടത്തിയിരുന്നത്. സഹായികളായി ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ടായിരുന്നു.
ഈ വീട്ടിൽ നിന്ന് പണം എണ്ണുന്ന മെഷീനും 1,12,000 രൂപയും പോലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഡാൻസാഫ് ടീം എഎസ്പി ശക്തിസിംഗ് ആര്യ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി പി.പി. ഷംസ്, ഇൻസ്പെക്ടർ ടി.എം. സൂഫി,
എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, എൽദോസ് കുര്യാക്കോസ് എ.എസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, രതി , സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, സിബിൻ സണ്ണി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.