ചോറ്റാനിക്കര പഞ്ചായത്തിലെ അപകടാവസ്ഥയിലുള്ള ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കണമെന്ന് വിദഗ്ധോപദേശം
1497293
Wednesday, January 22, 2025 5:22 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലെ സാഫല്യം ഫ്ലാറ്റ് സമുച്ചയം അപകടാവസ്ഥയിലായതിനാൽ അടിയന്തരമായി പൊളിച്ചു നീക്കണമെന്ന് വിദഗ്ധോപദേശം ലഭിച്ചു.
ഫ്ലാറ്റ് അപകടാവസ്ഥയിലായതിനെ തുടർന്ന് പഞ്ചായത്ത് നൽകിയ പരാതിയിൽ കളക്ടറുടെ നിര്‍ദേശപ്രകാരം തൃശൂർ എൻജിനീയറിംഗ് കോളജ് നല്കിയ സ്റ്റബിലിറ്റി റിപ്പോര്‍ട്ടിലാണ് ഫ്ലാറ്റ് അപകടാവസ്ഥയിലാണെന്നും നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ഫ്ലാറ്റ് നിവാസികളുടെ ജീവനെത്തന്നെ ബാധിച്ചേക്കാമെന്നതിനാല്‍ കെട്ടിടം പൊളിച്ച് നീക്കം ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുള്ളത്.
ഒന്നരലക്ഷം രൂപ ഗുണഭോക്തൃ വിഹിതവും സര്‍ക്കാര്‍ ഫണ്ടും ഉപയോഗിച്ച് 2017 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി 24 കുടുംബങ്ങള്‍ക്ക് കൈമാറിയ കെട്ടിടമാണ് ഏഴ് വര്‍ഷം കഴിയുമ്പോള്‍ താമസയോഗ്യമല്ലാതെ പൊളിക്കേണ്ടതായി വന്നിരിക്കുന്നത്.
നിലവില്‍ ഈ ഫ്ലാറ്റിലെ താമസക്കാര്‍ വളരെ ഭയപ്പാടോടു കൂടിയാണ് കഴിയുന്നത്. അപകടാവസ്ഥയിലായ ഫ്ലാറ്റ് പൊളിച്ചു നീക്കം ചെയ്യുന്നതിനും ഫ്ലാറ്റ് നിവാസികളായ 24 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും, ലൈഫ് പദ്ധതിയിലുൾപ്പെടുത്തി പുതിയ ഫ്ലാറ്റ് പണിത് നല്‍കുന്നതിന് അടിയന്തര ഇടപെടലുകള്‍ ഉണ്ടാവണമെന്നും ഫ്ലാറ്റ് നിർമാണ ചുമതല വഹിച്ച ഭവന നിര്‍മാണ ബോര്‍ഡ്,
കോണ്ട്രാക്ടര്, നിലവാരമില്ലാത്ത ജിഎഫ്ആർജി പാനലുകള്‍ വിതരണം ചെയ്ത ഫാക്ട്, മോണിട്ടറിംഗ് ചുമതലയുണ്ടായിരുന്ന ഭരണസമിതി എന്നിവർക്കെതിരേ അന്വേഷണം നടത്തി പുതിയ കെട്ടിടം നിര്‍മിച്ച് നല്കുന്നതിനാവശ്യമായ തുക സര്‍ക്കാരിന് വസൂലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് ആവശ്യപ്പെട്ടു.
നിലവിലുള്ള ഭരണസമിതി കുറ്റക്കാർക്കെതിരെ നീതിന്യായ കോടതി, ഉപഭോക്തൃ കോടതി, വിജിലൻസ് എന്നിവിടങ്ങളിൽ പരാതി നൽകുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.