ഗോശ്രീ ബസുകളുടെ നഗരപ്രവേശം: ആദ്യ ബസ് സർവീസിന് തുടക്കം
1507686
Thursday, January 23, 2025 4:53 AM IST
വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗരപ്രവേശത്തോടനുബന്ധിച്ച് ആദ്യ ബസ് ഇന്നലെ സർവീസ് ആരംഭിച്ചു. ഞാറക്കൽ മഞ്ഞനക്കാട് നിന്നും രാവിലെ 7.54ന് വൈറ്റില ഹബ്ബിലേക്ക് പോകുന്ന തേജസ്വിനി എന്ന ബസാണ് സർവീസ് ആരംഭിച്ചത്.
ബസിന് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്തിൽ സ്വീകരണം സംഘടിപ്പിച്ചു. ചെയർമാൻ പോൾ ജെ. മാമ്പിള്ളി സർവമത പൂജ നടത്തി നാളികേരം ഉടച്ച് സർവീസ് ഉദ്ഘാടനം ചെയ്തു.
ബസ് ഉടമയും കണ്ടക്ടറുമായ ആർ. രാജേഷ്, ഡ്രൈവർ മുഹമ്മദ് അസ്ലം എന്നിവർക്ക് സ്വീകരണം നൽകി. അതേസമയം പറവൂർ, കൊടുങ്ങല്ലൂർ, മുനമ്പം ബസുകൾക്ക് ഇപ്പോഴും ഹൈക്കോർട്ട് വരെ മാത്രമേ പ്രവേശനമുള്ളു.
ഈ നിയമം മാറ്റി ഗോശ്രീ പാലം വഴി സർവീസ് നടത്തുന്ന ബസുകൾക്ക് യഥേഷ്ടം നഗരത്തിലേക്ക് കടക്കുവാനുള്ള അനുവാദം ലഭിക്കും വരെ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി കഴിഞ്ഞ 20 വർഷമായുള്ള സമരം തുടരുമെന്ന് ചെയർമാൻ അറിയിച്ചു. വൈസ് ചെയർമാൻ ജോസഫ് നരികുളം അധ്യക്ഷനായി.