കുടിവെള്ള ക്ഷാമം : ജല അഥോറിറ്റി ഓഫീസിൽ റീത്തുവച്ച് പ്രതിഷേധിച്ചു
1497310
Wednesday, January 22, 2025 5:33 AM IST
മൂവാറ്റുപുഴ: നഗരസഭാ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതിനെതുടർന്ന് നഗരസഭാംഗങ്ങൾ ജല അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ റീത്തുവച്ച് പ്രതിഷേധിച്ചു. വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ കാണാൻ ഓഫീസിലെത്തിയ നഗരസഭാംഗങ്ങൾ കണ്ടത് ഒഴിഞ്ഞ കസേരകളും അടച്ചിട്ട ഓഫീസ് മുറികളും.
നഗരസഭയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടർന്ന് നഗരസഭാംഗങ്ങൾ മാസങ്ങൾക്ക് മുന്പ് പ്രദേശവാസികളോടൊപ്പം ജല അഥോറിറ്റി എക്സിക്യുട്ടീവ് എൻജിനീയറെ ഉപരോധിച്ചിരുന്നു. തുടർന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ട് താൽക്കാലികമായി പ്രശ്നം പരിഹരിച്ചെങ്കിലും പിന്നീട് താറുമാറായി.
ജനപ്രതിനിധികൾക്ക് പരാതികൾ നൽകുന്നതിന് ജല അഥോറിറ്റിലെ ഉദ്യോഗസ്ഥർ തുടങ്ങിവച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ പരാതികൾ കുമിഞ്ഞു കൂടിയിട്ടും യാതൊരുവിധത്തിലുള്ള നടപടിയും എടുക്കുന്നില്ലെന്ന് നഗരസഭാംഗങ്ങൾ ആരോപിച്ചു.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുസലാം, നഗരസഭാംഗങ്ങളായ ജോയ്സ് മേരി ആന്റണി, അമൽ ബാബു എന്നിവരാണ് പ്രതിഷേധ സമരം നടത്തിയത്. തുടർന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരിഹാരം കാണാമെന്ന ഉറപ്പോടുകൂടി സമരം അവസാനിപ്പിച്ചു.
പ്രധാന ഓഫീസിനു മുന്നിൽ വയ്ക്കുവാൻ കൊണ്ടുവന്ന റീത്ത് എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും ഓഫീസിൽ ഇല്ലാത്തതിനാൽ എഇയുടെ മുന്നിൽ വച്ചു പ്രതിഷേധിക്കുകയായിരുന്നു.
നഗരസഭാംഗം ജോയ്സ് മേരി ആന്റണി റോഷി അഗസ്റ്റിനെ കഴിഞ്ഞ ദിവസം നേരിൽ കണ്ട് മൂവാറ്റുപുഴ ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ ഒഴിവുകളിൽ എത്രയും വേഗം നിയമനം നടത്തണമെന്ന് ആവശ്യപ്പെടുകയും നിവേദനം നൽകുകയും ചെയ്തിരുന്നു. തുടർന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നിയമനത്തിനുള്ള ഉത്തരവ് മാത്രമാണ് ഇപ്പോൾ വന്നിട്ടുള്ളത്. ബാക്കി പ്രധാനപ്പെട്ട ഒഴിവുകളിൽ നിയമനം നടത്തിയിട്ടില്ല.