"ഐ റോവ് ട്യൂണ' റെഡി ആഴങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഇനി എളുപ്പം
1497282
Wednesday, January 22, 2025 5:05 AM IST
കൊച്ചി: നൂറ് മീറ്റര്‍ ആഴത്തില്‍വരെ ആര്‍ഒവി ഉപയോഗിച്ച് വെള്ളത്തിനടിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഐ റോവ് ട്യൂണ ഇനി ജില്ല ഫയര്‍ ഫോഴ്സ് ആസ്ഥാനമായ ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനു സ്വന്തം. 1.10 കോടി മുതല്‍ മുടക്കുള്ള ഈ ഉപകരണം അടുത്തയാഴ്ച മുതല്‍ ഇവിടെ ഉപയോഗിച്ചു തുടങ്ങും.
ഇതോടെ ആഴങ്ങളിലെ രക്ഷാപ്രവര്‍ത്തനം എളുപ്പമാകും. നിലവില്‍ മണീട് ചീരക്കാട്ടുപാറ പാറമടയിലെ വെള്ളത്തില്‍ ഇതിന്റെ പരീക്ഷണം നടക്കുകയാണ്. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനു കീഴില്‍ കളമശേരി മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയാണ് ഐ റോവ്.
മനുഷ്യ ശരീരം വരെ തിരിച്ചറിയാം
കലങ്ങിയ വെള്ളത്തിലും ഐറോവ് ട്യൂണ ഉപയോഗിക്കാം. ശബ്ദ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന സോണാര്‍ സംവിധാനം ഉപയോഗിച്ച് മനുഷ്യശരീരമോ മറ്റു ലോഹവസ്തുക്കളോ വെള്ളത്തിനിടിയിലുണ്ടെങ്കില് തിരിച്ചറിയാനും കഴിയും.
ഉയര്‍ന്ന ദൃശ്യ മികവില്‍ ചിത്രങ്ങളെടുക്കാന്‍ സാധിക്കുന്ന രണ്ടു കാമറകളാണുള്ളത്. ഉയര്‍ന്നശേഷിയുള്ള (6000 ലൂമിനന്‍സ്) നാല് എല്‍ഇഡി ലൈറ്റുകളും ഘടിപ്പിച്ചിട്ടുള്ളതിനാല്‍ വെള്ളത്തിനടിയില്‍നിന്ന് മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ ലഭിക്കും. നൂറ് മീറ്റര്‍ നീളമുള്ള കേബിളിന്റെ സഹായത്തോടെയാണ് ആര്ഒവിയെ വെള്ളത്തിനടിയിലേക്ക് ഇറക്കിവിടുന്നത്.
കാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കരയിലിരുന്ന് മോണിറ്ററില്‍ കാണാം. മൂന്നുപേരാണ് നിയന്ത്രണത്തിന് ഉണ്ടാകുക. ജോയ്സ്റ്റിക്കിന്റെ സഹായത്തോടെ ആര്ഒവിയെ കരയിലിരുന്ന് നിയന്ത്രിക്കുന്നയാളെ പൈലറ്റ് എന്നാണ് പറയുന്നത്. സഹപൈലറ്റും കേബിള്‍ നിയന്ത്രിക്കാന്‍ ഒരാളുമുണ്ടാകും.