തിരുവൈരാണിക്കുളത്ത് നടതുറപ്പ് മഹോത്സവം ഇന്ന് സമാപിക്കും
1507689
Thursday, January 23, 2025 4:53 AM IST
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് സമാപിക്കും. ധനുമാസത്തിലെ തിരുവാതിര നാളിൽ ആരംഭിച്ച പന്ത്രണ്ട് ദിവസത്തെ നടതുറപ്പുത്സവം ഇന്ന് രാത്രി എട്ടിന് നട അടയ്ക്കുന്നതോടെയാണ് സമാപനമാകുന്നത്.
നടതുറക്കുന്നതു പോലെതന്നെ നടഅടക്കുന്നതിനും ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ നടക്കും. ശ്രീമഹാദേവന്റെ അത്താഴപൂജയ്ക്കു മുന്‍പ് രാത്രിഏഴോടെ പാട്ടുപുരയില്‍ നിന്നു ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ദര്‍ശനം പൂര്‍ത്തിയാക്കി ഭക്തരെ നാലമ്പലത്തില്‍ നിന്ന് ഒഴിപ്പിക്കും.
തുടർന്നാണ് നട അടയ്ക്കുന്നതിനുള്ള പരമ്പരാഗത ആചാരങ്ങള്‍ ആരംഭിക്കുന്നത്. ഊരാൺമ കുടുംബക്കാരും ഉത്സവ നടത്തിപ്പിനായി ചുമതലപ്പെടുത്തിയിട്ടുള്ള സമുദായ തിരുമേനിയും ശ്രീപാര്‍വതിദേവിയുടെ ഉറ്റതോഴി പുഷ്പിണിയായി സങ്കല്പ്പിക്കപ്പെടുന്ന ബ്രാഹ്മണി അമ്മയും നടയ്ക്കല്‍ സന്നിഹിതരാകും.
"എല്ലാവരും തൃക്കണ്‍ പാര്‍ത്തു കഴിഞ്ഞുവോ' എന്ന് ബ്രാഹ്മണി അമ്മ മൂന്നു വട്ടം വിളിച്ചു ചോദിക്കും. "ഉവ്വ്' എന്നു സമുദായ തിരുമേനി പറയും. പിന്നാലെ 'നട അടപ്പിയ്ക്കട്ടേ' എന്നു ബ്രാഹ്മണി അമ്മ വിളിച്ചു ചോദിക്കും. "അടപ്പിച്ചാലും' എന്നു സമുദായ തിരുമേനി മറുപടി നല്കിയ ഉടന്‍ ബ്രാഹ്മണി അമ്മ "നട അടച്ചാലും' എന്ന് വിളിച്ചറിയിക്കുന്നതോടെ മേല്‍ശാന്തി നട അടയ്ക്കും.
അതോടെ ഈ വർഷത്തെ നടതുറപ്പ് മഹോത്സവത്തിന് സമാപനമാകും. നടയടയ്ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ നിരവധി ഭക്തരാണ് ദർശനത്തിനെത്തുന്നത്. അടുത്ത നടതുറപ്പ് മഹോത്സവം 2026 ജനുവരി രണ്ടു മുതൽ 13 വരെ ആഘോഷിക്കും.