സമ്മേളന കാലത്ത് തലവേദനയായി തമ്മിലടിയും തട്ടിക്കൊണ്ടുപോകലും
1507677
Thursday, January 23, 2025 4:45 AM IST
കൊച്ചി: ജില്ലാ സമ്മേളനകാലത്ത് സിപിഎമ്മിന് തലവേദനയായി തൃപ്പൂണിത്തുറയിലെ തമ്മിലടി മുതല്‍ കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകല്‍ വരെയുള്ള പ്രശ്നങ്ങൾ. കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കുമ്പോഴും കൗണ്‍സിലര്‍ കലാ രാജുവിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. മുന്‍ വര്‍ഷങ്ങളിലേതു പോലെ കടുത്ത വിഭാഗീയത നിലനില്‍ക്കുന്നില്ലെങ്കിലും ബ്രാഞ്ച് സമ്മേളനങ്ങളിലടക്കം ഉയരുന്ന വ്യത്യസ്ത അഭിപ്രായങ്ങള്‍ നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന 3,155 ബ്രാഞ്ച് സമ്മേളനങ്ങളില്‍ തെരഞ്ഞെടുപ്പിലടക്കം വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് എട്ട് ബ്രാഞ്ച് സമ്മേളനങ്ങളും, ആറ് ബ്രാഞ്ച് സമ്മേളനങ്ങളും തര്‍ക്കം പരിഹരിച്ച ശേഷം പിന്നീട് പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. ജില്ലാ സെക്രട്ടറി മാറ്റത്തിന് സാധ്യതയില്ലെങ്കിലും യുവാക്കളുടെയും വനിതകളുടെയും പ്രാധാന്യം ഇക്കുറി ജില്ലാ കമ്മിറ്റിയില്‍ വര്‍ധിച്ചേക്കും. നിലവില്‍ ജില്ലാ കമ്മിറ്റിയില്‍ രണ്ട് ഒഴിവാണുള്ളത്.
ഇതിന് പുറമേ പ്രായപരധിയില് തട്ടി നാലുപേര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാകും. അഞ്ച് വനിതകളാണ് ജില്ലാ കമ്മറ്റിയിലുള്ളത്. ഇത് കുറവെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ജില്ലയിലെ പാര്‍ട്ടി അംഗത്വത്തിന്റെ 20 ശതമാനം മാത്രമാണ് പാര്‍ട്ടി അംഗങ്ങളായുള്ള സ്ത്രീകളുടെ എണ്ണം. ഇത് വര്‍ധിപ്പിക്കുന്നതിലടക്കം ക്രിയാത്മ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമ്മേളനം രൂപം നല്‍കിയേക്കും.
ജില്ലയിലെ പാര്‍ട്ടി എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളടക്കം ചര്‍ച്ചയാകും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് നിലവിലെ അഞ്ച് നിയമസഭാ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനും തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കുന്നതിനുമുള്ള രാഷ്ട്രീയ നീക്കങ്ങളും സിപിഎം ലക്ഷ്യം വയ്ക്കുന്നുണ്ട്. നിലവില്‍ 44,000 പാര്‍ട്ടി അംഗങ്ങളാണ് ജില്ലയിലുള്ളത്.
കഴിഞ്ഞ സമ്മേളന കാലയളവിന് ശേഷം ജില്ലയില്‍ വര്‍ഗ-ബഹുജന സംഘടനകളില്‍ അംഗത്വം വര്‍ധിച്ചതായാണ് സിപിഎമ്മിന്റെ വാദം.