ചേന്ദമംഗലം ബാങ്ക് വായ്പാ തട്ടിപ്പ്: മുൻ ഭരണസമിതി 20 കോടി തിരിച്ചടയ്ക്കണമെന്ന ഉത്തരവ് ശരിവച്ചു
1507682
Thursday, January 23, 2025 4:53 AM IST
പറവൂർ: ചേന്ദമംഗലം സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിൽ 13 ഭരണസമിതി അംഗങ്ങൾക്കും, മൂന്ന് മുൻ സെക്രട്ടറിമാർക്കും ചുമത്തിയ 20.4 കോടി രൂപയുടെ സർചാർജ് ഉത്തരവ് സർക്കാർ ശരിവച്ചു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകൾ പുറത്തുവന്നത്. ഇതു സംബന്ധിച്ച് സഹകരണ വകുപ്പ് നടത്തിയ വിവിധ അന്വേഷണങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതോടെയാണ് സഹകരണ സംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ(ജനറൽ) ബാങ്കിന് നഷ്ടമായ പണം തിരിച്ചുപിടിക്കാനായി കുറ്റക്കാരിൽ നിന്ന് സർചാർജ് ഈടാക്കാൻ ഉത്തരവിട്ടത്. ഇതിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സർക്കാർ തീരുമാനത്തിന് വിധേയമായി തീരുമാനമെടുക്കാനുള്ള നിർദേശമാണ് കോടതിയിൽ നിന്നുണ്ടായത്.
തുടർന്ന് ഭരണസമിതി സഹകരണ വകുപ്പ് സെക്രട്ടറിക്ക് അപ്പീൽ നൽകി. ഇതിലാണ് ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് സർക്കാർ ശരിവച്ചത്. 66 വായ്പകളിലാണ് ക്രമക്കേട് നടന്നത്. ഇതിൽ ആർബിട്രേഷൻ, പ്രൊസിക്യൂഷൻ നടപടികൾ തുടങ്ങിയതിനാൽ വായ്പ തുക തിരിച്ചടക്കുന്നതിന് ഒരു വർഷ കാലാവധി അനുവദിച്ചിട്ടുണ്ട്. എന്നാൽ ഡോക്യുമെന്റേഷൻ ഫീസ് ഇനത്തിലെ ബാധ്യത അടിയന്തിരമായി ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിലുണ്ട്.
ഇതോടെ മുൻ ഭരണസമിതി അംഗങ്ങളായ ഡിസിസി അംഗം കെ. ശിവശങ്കരൻ, കെ.ജി. റാഫേൽ, പി.വി. മണി, വി.എം. മണി, ജോമി ജോസി, കെ.കെ. ലിജു, കെ. കൃഷ്ണൻകുട്ടി, കെ.പി. ത്രേസ്യാമ്മ, കെ.കെ. വിലാസിനി, അരുൺ ജോർജ്, സി.പി. ഉണ്ണികൃഷ്ണൻ, പി. ഭരതൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മനോഹർ,
മുൻ സെക്രട്ടറിമാരായ പി.എഫ്. സാലി, ഡി. മുരളീധരൻ, ടി.വി. ഔസേഫ് എന്നിവർ 28.47 ലക്ഷം രൂപ മുതൽ 1.59 കോടി രൂപ വരെ തിരിച്ചടക്കേണ്ടി വരും. തട്ടിപ്പിന് കൂട്ടുനിൽക്കാതെ വിയോജന കുറിപ്പ് എഴുതിയ ലീജോ കൊടിയനെ സർചാർജിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.