ആഡംബര കാർ കത്തിനശിച്ചു
1507678
Thursday, January 23, 2025 4:45 AM IST
കളമശേരി: ഓടിക്കൊണ്ടിരുന്ന ആഡംബര കാർ ബ്രേക്ക്ഡൗണായി തുടർന്ന് കത്തി നശിച്ചു. കുസാറ്റ് കാന്പസിൽ ബുധനാഴ്ച മൂന്നോടെയായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന കാർ ബ്രേക്ക് ഡൗണായി. വാഹനം ഓടിച്ചിരുന്നയാൾ ഇറങ്ങി ബോണറ്റ് തുറന്നപ്പോൾ തീയും പുകയും ഉയരുന്നത് കണ്ട് പെട്ടെന്ന് തന്നെ ഓടി മാറി.
കാറിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപത്തെ വിദ്യാർഥികൾ അവിടെയുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗുഷർ കൊണ്ടുവന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തൃക്കാക്കര ഫയർ ആൻഡ് റസ്ക്യൂ ജീവനക്കാർ എത്തിയപ്പോഴേക്കും വാഹനം പൂർണമായി കത്തിയിരുന്നു. പാലക്കാട് സ്വദേശി സാദിക്കിന്റെ ജാഗ്വാർ കാറാണ് കത്തി നശിച്ചത്.
ഉച്ചിറയിലെ വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി കൊടുത്തിരുന്ന കാർ പണിപൂർത്തിയായ ശേഷം വർക്ക്ഷാപ്പിലെ ജീവനക്കാരൻ പാലക്കാട്ടേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടമെന്ന് കളമശേരി പോലീസ് പറഞ്ഞു.