സിപിഎം ജില്ലാ സമ്മേളനത്തിന് 25ന് കൊടി ഉയരും
1507676
Thursday, January 23, 2025 4:45 AM IST
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന് 25ന് കൊടി ഉയരും. എറണാകുളം ടൗണ്‍ ഹാളിൽ (കോടിയേരി ബാലകൃഷ്ണന് നഗര്‍) രാവിലെ 9.45ന് പതാക ഉയര്‍ത്തല്‍. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. 10.30 ന് 371 സമ്മേളന പ്രതിനിധികളും 46 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്ന പ്രതിനിധിസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യും.
പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെ 12 നേതാക്കള്‍ പങ്കെടുക്കും. ഉച്ചയ്ക്ക് എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച വൈകിട്ട് അഞ്ചു വരെ നീളും.
26ന് രാവിലെ 10 മുതല്‍ ഉച്ചവരെ ചര്‍ച്ച തുടരും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മറുപടി പറയും. 27ന് രാവിലെ ജില്ലാ കമ്മിറ്റിയെയും 31 അംഗ സംസ്ഥാന സമ്മേള പ്രതിനിധികളെ തെരഞ്ഞെടുക്കും. ഉച്ചയോടെ സമ്മേളനം പിരിയും. വൈകുന്നേരം നാലിന് രാജേന്ദ്ര മൈതാനിയില്‍ നിന്ന് പതിനായിരം റെഡ് വോളണ്ടിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ചും വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ബഹുജന റാലിയും പൊതുസമ്മേളന വേദിയായ എറണാകുളം മറൈന്‍ ഡ്രൈവില്‍ (സീതാറാം യെച്ചൂരി നഗര്‍)എത്തിച്ചേരും.
വൈകിട്ട് 5.30 ന് പൊതുസമ്മേളനം മുഖ്യമന്ത്രിയുമായ പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, ഇ.പി. ജയരാജന്, തോമസ് ഐസക്, എളമരം കരീം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണന്, പി.രാജീവ്, സജി ചെറിയാന്, ആനാവൂര്‍ നാഗപ്പന്, എം.സ്വരാജ്, പി.കെ. ബിജു തുടങ്ങിയവര്‍ പങ്കെടുക്കും.