കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട : 86.2 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍
1497281
Wednesday, January 22, 2025 5:05 AM IST
കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. 86. 232 കിലോ കഞ്ചാവുമായി ഇതരസംസ്ഥാനക്കാരായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ്, റെയില്‍വേ പോലീസ്, എക്സൈസ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് രണ്ട് കേസുകളിലായി 43.1 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടിയത്.
ആര്‍പിഎഫും റെയില്‍വേ പോലീസും നടത്തിയ പരിശോധനയില്‍ ബീഹാര്‍ സ്വദേശിയായ പപ്പുകുമാര്‍ (33), ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് സാഹിദ് (18) എന്നിവരെയാണ് പിടികൂടിയത്. ആറാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ സംശയാസ്പദ സാഹചര്യത്തിൽ കണ്ട പ്രതികളെ തടഞ്ഞുവച്ച് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്. എട്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
ഇവരില്‍ നിന്ന് 36,42,250 രൂപ വിലവരുന്ന 72.842 കിലോ കഞ്ചാവ് കണ്ടെത്തി. എക്സൈസും റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ വെസ്റ്റ്ബംഗാള് സ്വദേശി മന്ദി ബിസ്വാസാ(24)ണ് പിടിയിലായത്. ഇയാളില്‍ നിന്ന് 6,69,500 രൂപ വിലവരുന്ന 13.390 കിലോഗ്രാം കഞ്ചാവും കണ്ടെത്തി.
ഒന്നാംനമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് വില്ക്കാന് എത്തിയതാണെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്നെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊണ്ടുപോകാന്‍ ആളെ കാത്തിരിക്കുകയായിരുന്നുവെന്നും മന്ദി ബിസ്വാസ് എക്സൈസിനോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.