സ്ത്രീ സൗഹൃദ ഗതാഗത നഗരം പദ്ധതിയില്‍ കൊച്ചിയും
1497283
Wednesday, January 22, 2025 5:05 AM IST
കൊച്ചി: യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ സ്ത്രീ സൗഹൃദ ഗതാഗത സംവിധാനം ഒരുക്കുന്നതിനായി രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് നഗരങ്ങളില്‍ കൊച്ചിയും. ബംഗളൂരു, അഹമ്മദാബാദ് എന്നിവയാണ് മറ്റ് നഗരങ്ങള്‍. ഗതാഗതരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിനും അവയ്ക്ക് പരിഹാരം നിര്‍ദേശിച്ചുകൊണ്ട് പദ്ധതികള്‍ നടപ്പിലാക്കുന്നതും ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്.
സ്ത്രീകള്‍ക്കും ഭിന്നലിംഗ വിഭാഗങ്ങള്‍ക്കും ഏതു സമയത്തും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന ഗതാഗത സംവിധാനമാണ് മൊബിലൈസ് ഹേര്‍ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. സ്ത്രീ കേന്ദ്രീകൃത ഗതാഗത സംവിധാനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളും ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.
പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ പൂര്‍ണ പിന്തുണയും സഹായവും ഉണ്ടായിരിക്കും. കഴിഞ്ഞ നാലു മാസമായി പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പദ്ധതിക്ക് ആവശ്യമായ വിവിധ സര്‍വേകള്‍, പഠനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ഇതിനകം പൂർത്തിയാക്കി.
കൊച്ചി നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഹെറിറ്റേജ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് (സിഹെഡ്), സെന്റർ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച്, ഡല്‍ഹി ആസ്ഥാനമായുള്ള പബ്ലിക് റിസര്‍ച്ച് സ്ഥാപനമായ പാര്ട്ടിസിപ്പേറേറ്ററി റിസര്‍ച്ച് ഇന്‍ ഏഷ്യ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ നിര്‍വഹിച്ചു.