അഡ്വക്കേറ്റ് കമ്മീഷണറെ കൈയേറ്റം ചെയ്തെന്ന കേസ് : പി.വി. ലാജുവിനെ വിട്ടയച്ചു
1507692
Thursday, January 23, 2025 5:03 AM IST
പറവൂർ: മുൻസിഫ് കോടതി നിയമിച്ച അഡ്വക്കറ്റ് കമ്മീഷണറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തെന്ന് ആരോപിച്ചു പുത്തൻവേലിക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.വി. ലാജുവിനെതിരെ പുത്തൻവേലിക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ലാജു കുറ്റക്കാരനല്ലെന്നു കണ്ടു വിട്ടയച്ചു.
2015 ഒക്ടോബർ 17ന് പുത്തൻവേലിക്കര സ്വദേശി പയ്യപ്പിള്ളി ജോസഫ് മുൻസിഫ് കോടതിയിൽ ലാജുവിനെതിരെ നൽകിയ കേസിൽ അഡ്വ. രമേഷിനെ അഡ്വക്കേറ്റ് കമ്മീഷണറായി നിയമിച്ചിരുന്നു. ലാജുവിന്റെ വീട്ടിലെത്തിയ തന്നെ ലാജു കൈയേറ്റം ചെയ്തെന്നും കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് കമ്മീഷണർ മുൻസിഫ് കോടതിയിൽ റിപ്പോർട്ട് നൽകി.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പറവൂർ മുൻസിഫ് പറവൂർ മജിസ്ട്രേട്ട് കോടതി മുൻപാകെ ഹർജി നൽകുകയും മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം പുത്തൻവേലിക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ച കേസാണെന്ന ലാജുവിന്റെ വാദം ശരിവച്ചാണ് പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എം.സി. സനിത ലാജുവിനെ വിട്ടയച്ച് ഉത്തരവിട്ടത്. ലാജുവിനു വേണ്ടി അഡ്വ. എം.കെ. ഫൈസൽ ഹാജരായി.