ചൂർണി ഭവനപദ്ധതി ഇഴയുന്നു: നിർമാണം ഏറ്റെടുത്ത് സ്ഥലം വിട്ടുനൽകിയവർ
1507693
Thursday, January 23, 2025 5:03 AM IST
ആലുവ: നാലു വർഷം മുമ്പ് ആരംഭിച്ച സൗജന്യ ചൂർണി ഭവന പദ്ധതിയുടെ നിർമാണം സ്ഥലം നൽകിയവർ തന്നെ പൂർത്തിയാക്കുന്നു. ചൂർണിക്കര പഞ്ചായത്തിൽ ഓഡിറ്റ് എതിർപ്പ് വന്നതോടെ മന്ദഗതിയിലായ ഭവന പദ്ധതിയാണ് അശോകപുരം പെട്ടവീട്ടിൽ ജിമ്മി വർഗീസ് ഏറ്റെടുക്കുന്നത്. 2021ലാണ് പഞ്ചായത്തിന് 10 സെന്റ് ഭൂമി ഭവന നിർമാണത്തിനായി സൗജന്യമായി നൽകിയത്. എട്ട് വീടുകളുടെ നിർമാണം നടത്താനാണ് ഉദ്ദേശിച്ചിരുന്നെങ്കിലും ഒരു വീടിൻന്റെ നിർമാണം മാത്രമാണ് പൂർത്തിയായത്.
ആറ് ലക്ഷം രൂപ ചെലവിൽ നിർമിക്കേണ്ട ആദ്യ വീടിന് 9.5 ലക്ഷം രൂപയായത് ഓഡിറ്റ് ഒബ്ജക്ഷൻ ആയി. ലൈഫ് പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ ചെലവിൽ വീട് നിർമിക്കുമ്പോഴാണ് അതേ വലിപ്പത്തിൽ നിർമ്മിക്കുന്നതിന് 9.5 ലക്ഷം ചെലവഴിച്ചത്.
ഫണ്ട് ഉപയോഗം തടഞ്ഞതോടെ മറ്റുവീടുകളുടെ നിർമാണവും നിലച്ചു. കുറച്ചു നാൾ മുമ്പ് ആദ്യ വീടിന് മുകളിലായി രണ്ടാം വീടിന്റെ നിർമാണം ആരംഭിച്ചെങ്കിലും എന്ന് തീരുമെന്ന് പറയാൻ പഞ്ചായത്ത് അധികൃതർക്ക് കഴിയുന്നുമില്ല. ഇതിനിടയിൽ ആദ്യ വീടിൻെറ അടിത്തറ ബലപ്പെടുത്തലും നടന്നു.
ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നിർമിക്കാമെന്നിരിക്കെ അതൊഴിവാക്കി തനത് ഫണ്ട് ഉപയോഗിക്കുന്നതും ഓഡിറ്റ് എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. പദ്ധതി നീളുമെന്നുറപ്പായതോടെയാണ് ബാക്കി വീടുകൾ നിർമ്മിക്കാൻ സ്ഥലം ദാനം ചെയ്ത കുടുംബം തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ആറ് വീടുകൾ ആറ് മാസത്തിനകം പൂർത്തീകരിച്ച് പഞ്ചായത്തിന് കൈമാറുമെന്ന് ജിമ്മി വർഗീസ് അറിയിച്ചു.