നഗരസഭാ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനം സ്റ്റേഷനിൽ ഹാജരാക്കി
1507674
Thursday, January 23, 2025 4:45 AM IST
കൂത്താട്ടുകുളം: നഗരസഭ എൽഡിഎഫ് കൗൺസിലർ കല രാജുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച നഗരസഭ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. ഇന്നലെ വൈകുന്നേരം 3.15 ഓടെ ആണ് വാഹനം കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്.
നഗരസഭ ജീവനക്കാരനായ ജോമിറ്റ് ജോസ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. അനീഷ് ദേവ് എന്നിവരാണ് വാഹനം പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഷനിൽ എത്തിച്ചത്.
കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളതായി പോലീസ് അറിയിച്ചു.
ഭീഷണിപ്പെടുത്തൽ, പോലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നിവ ആരോപിച്ചാണ് കേസ്.