ദേശീയ ഗെയിംസ് കയാക്കിംഗില്‍ കരുത്ത് കാട്ടാന്‍ ആദം
1507681
Thursday, January 23, 2025 4:53 AM IST
കൊച്ചി: മൂവാറ്റുപുഴയാറിന്റെ ശാന്തതയില്‍ നിന്ന് ഭഗീരഥി പുഴയുടെ തണുത്തുറഞ്ഞ തെഹ്രി തടാകത്തിലേക്ക് കയാക്കുമായി വിമാനം കയറാന്‍ തയാറെടുക്കുകയാണ് എറണാകുളം ആരക്കുന്നം സ്വദേശി ആദം മാത്യു സിബി. ഉത്തരാഖണ്ഡ് ആതിഥേയത്വം വഹിക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ കയാക്കിംഗ് ക്രോസ് ഇനത്തില്‍ കേരളത്തിനായി മത്സരിക്കുകയാണ് ലക്ഷ്യം. കയാക്കിംഗില്‍ മത്സരിച്ചുള്ള പരിചയവും പിതാവില്‍ നിന്ന് പകര്‍ന്ന് കിട്ടിയ മനക്കരുത്തുമാണ് ഈ പതിനാറുകാരന്റെ കൈമുതല്‍.
കോവിഡ് കാലത്ത് അച്ഛനും സുഹൃത്തുക്കളും വിനോദത്തിനായി കയാക്കിംഗ് ചെയ്യുന്നത് കണ്ടാണ് ആദവും ഇതിലേക്ക് ആകൃഷ്ടനായത്. എറണാകുളം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആദം ഖേലോ ഇന്ത്യ ഉള്‍പ്പെടെ അഞ്ച് ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കയാക്കിംഗില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അണ്ടര്‍ 18 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി ഇറങ്ങി.
കഴിഞ്ഞമാസം ഋഷികേശില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ അഞ്ചാമതെത്തിയതോടെയാണ് ദേശീയ ഗെയിംസിലേക്ക് നറുക്കുവീണത്. ദേശീയ ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കയാക്കിംഗ് ക്രോസ് ഇനമാണ് ആദം തെരഞ്ഞെടുത്തത്.
മൂവാറ്റുപുഴയാറിലും കോഴിക്കോട്ടുമായിരുന്നു നാട്ടിലെ പരിശീലനം. ഉത്തരാഖണ്ഡിലെ തണുപ്പാണ് വെല്ലുവിളി. ഇതു മറികടക്കാന്‍ ഋഷികേശില്‍ 20 ദിവസം പരിശീലനം നടത്തിയിരുന്നു. ഫെബ്രുവരി ആറിന് ഉത്തരാഖണ്ഡിലെ ശിവപുരിയിലാണ് മത്സരം. മത്സരത്തിന് മുന്നോടിയായി പരിശീലനത്തിനും മറ്റുമായി അച്ഛന് സിബി മത്തായിക്കൊപ്പം ആദം ഫെബ്രുവരി രണ്ടിന് യാത്ര തിരിക്കും. അമ്മ ജിന്‍സ്, എട്ടാംക്ലാസ് വിദ്യാര്‍ഥി ദയ ഏകസഹോദരിയാണ്.
മൽസരിക്കാൻ ചെലവേറെ
ഇരുതലത്തുഴയുമായി കുത്തിയൊഴുകുന്ന വെള്ളത്തിലാണ് മത്സരം. നദിക്കരയില്‍ ക്രമീകരിച്ച റാംപില്‍നിന്ന് വെള്ളത്തിലേക്ക് കയാക്കുമായി ചാടിയാണ് തുടക്കം. വഴിയില്‍ ആറോ ഏഴോ പോളുകള്‍ സ്ഥാപിച്ചിരിക്കും. പോളുകളുടെ ഇടതോ വലതോ വശത്തുകൂടി നിര്‍ദേശിച്ച പ്രകാരം തുഴഞ്ഞുപോകണം. ചില പോളുകളെ ചുറ്റിക്കറങ്ങണം. ഓരോ പോളും മറികടന്ന് ആദ്യം ലക്ഷ്യത്തിലെത്തുന്നയാള് ജേതാവാകും.
ആദ്യം ഒറ്റയ്ക്കൊറ്റയ്ക്കാണ് തുഴച്ചില്‍. മികച്ച സമയം കുറിക്കുന്ന നാലുപേര്‍ അടുത്ത ഘട്ടത്തില്‍ ഒരുമിച്ചു മത്സരിക്കും. തുഴ, ഹെല്‍മെറ്റ്, കയാക്ക്, ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെ മത്സരത്തില്‍ പങ്കെടുക്കാന്‍ അഞ്ചു ലക്ഷം രൂപയോളം ചെലവാകും.