ഫോൺ തട്ടിയെടുത്ത ബൈക്ക് മോഷ്ടാവ് പിടിയിൽ
1497306
Wednesday, January 22, 2025 5:32 AM IST
ആലുവ: മോഷ്ടിച്ച ബൈക്കിലെത്തി വഴിയാത്രക്കാരിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. അങ്കമാലി ജോസ്പുരം കറുതോൻ വീട്ടിൽ ജീസ്മോൻ സാബു(22)വിനെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ 10ന് പുളിഞ്ചോട് ഭാഗത്തുകൂടി ഫോൺ ചെയ്ത് നടന്നു വരികയായിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ മൊബൈൽ ഫോണാണ് ബൈക്കിലെത്തിയ പ്രതി തട്ടിയെടുത്ത് മുങ്ങിയത്. യുവതി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സെമിനാരിപ്പടിയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
യുവതിയുടെ ഫോൺ കൂടാതെ രണ്ട് മൊബൈൽ ഫോണുകളും പ്രതിയുടെ പക്കൽനിന്ന് കണ്ടെടുത്തു. ബൈക്ക് കഴിഞ്ഞ ദിവസം പുലർച്ചെ കാലടിയിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി പോലീസിനോടു പറഞ്ഞു. അങ്കമാലിയിൽ നിന്ന് ബൈക്ക് മേഷ്ടിച്ച കേസിൽ ജയിലിൽ ആയിരുന്ന പ്രതി അഞ്ച് ദിവസം മുൻപാണ് പുറത്തിറങ്ങിയത്.