ഇഷ്ടിക കന്പനി കൊലപാതകം; ശിക്ഷാവിധി ഇന്ന്
1497286
Wednesday, January 22, 2025 5:05 AM IST
മൂവാറ്റുപുഴ: ഇഷ്ടിക കന്പനിയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ശിക്ഷാവിധി ഇന്ന്. ഐക്കരനാട് പുളിഞ്ചോട്ടിൽ കുരിശു ഭാഗത്തുള്ള ഇഷ്ടിക കന്പനിയിലെ ജീവനക്കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി രാജാ ദാസി (28)നെ കൊലപ്പെടുത്തിയ കേസിൽ പ്രതി വെസ്റ്റ് ബംഗാൾ സ്വദേശി ദിപൻ കുമാർ ദാസ് കുറ്റക്കാരനെന്ന് മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് ഉത്തരവായി. ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും.
2021 ജൂലൈ 26ന് പുലർച്ചയാണ് കേസിനാസ്പദമായ സംഭവം. പ്രതി തന്റെ ഒപ്പം ഇഷ്ടിക കന്പനിയിൽ ജോലി ചെയ്യുകയും കൂടെ താമസിക്കുകയും ചെയ്തിരുന്ന രാജാദാസിനെ മുറിയിൽ കിടന്നുറങ്ങിയപ്പോൾ കൈക്കോട്ട് ഉപയോഗിച്ച് തലയിൽ ആഴത്തിൽ വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ തമിഴ്നാട്ടിലെ കോയബേട്ടിൽനിന്നു പിറ്റേന്ന് പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പുത്തൻകുരിശ് പോലീസ് ഇൻസ്പെക്ടറായിരുന്ന എം.എം. മഞ്ജുദാസ് അന്വേഷിച്ച കേസിൽ പോലീസ് ഇൻസ്പെക്ടർ ടി. ദിലീഷയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ജ്യോതികുമാർ ഹാജരായി.