ആലങ്ങാട് കുന്നേൽ പള്ളി തിരുനാൾ: അവലോകന യോഗം ചേർന്നു
1507694
Thursday, January 23, 2025 5:03 AM IST
ആലങ്ങാട്: ആലങ്ങാട് കുന്നേൽ പള്ളിയിൽ അത്ഭുത ദിവ്യ ഉണ്ണീശോയുടെ തിരുനാളിനോടനുബന്ധിച്ച് അവലോകനയോഗം കുന്നേൽ പള്ളി ഹാളിൽ ചേർന്നു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആലുവ വെസ്റ്റ് പോലീസ് ഉദ്യോഗസ്ഥർ, വരാപ്പുഴ എക്സൈസ് , ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, വാർഡ് അംഗം, കുന്നേൽ പള്ളി വികാരി ഫാ. ജൂലിയസ് കറുകന്തറ , പള്ളിക്കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ജനുവരി 31 മുതൽ ഫെബ്രുവരി 23 വരെയാണ് തിരുനാൾ.
പ്രധാന തിരുനാൾ ദിവസങ്ങളിൽ കൂടുതൽ പോലീസിന്റെ സാന്നിധ്യവും സുരക്ഷാ സംവിധാനങ്ങളെപ്പറ്റിയും എസ്ഐ യോഗത്തിൽ അറിയിച്ചു. ആളുകൾ തിങ്ങിക്കൂടുന്ന പള്ളിയുടെ പരിസരങ്ങളിൽ വിവിധ സ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നും ആലങ്ങാട് വെസ്റ്റ് പോലീസ് എസ്ഐ നിർദേശിച്ചു.
ജനുവരി 31 മുതൽ ഫെബ്രുവരി 23 വരെ കുന്നേൽ പള്ളിയുടെ പ്രധാന റോഡുകളിൽ ഭിക്ഷാടനവും വഴിയോര കച്ചവടവും നിരോധിച്ചതായി ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് അറിയിച്ചു.
ട്രസ്റ്റിമാരായ സജ്ജു ജോസഫ് കളപ്പറമ്പത്ത്, സനിൽ അഗസ്റ്റ്യൻ കൈതാരത്ത്, വൈസ് ചെയർമാൻ ഷിബു കണ്ടങ്ങാടൻ, വാർഡ് അംഗ കെ.ആർ. ബിജു എന്നിവർ പ്രസംഗിച്ചു.