പോലീസ് നടപടിയില്‍ അതൃപ്തി പരസ്യമാക്കി സിപിഎം
1507672
Thursday, January 23, 2025 4:45 AM IST
കൊച്ചി: കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ നടന്ന പോലീസ് നടപടികളില്‍ അതൃപ്തി പരസ്യമാക്കി സിപിഎം ജില്ലാ നേതൃത്വം. കൗണ്‍സിലര്‍ കല രാജുവിന്റെ മൊഴിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത പോലീസ്, നഗരസഭാ ചെയര്മാന് വിജയ ശിവന് നല്കിയ പരാതിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണടയ്ക്കുകയാണെന്നാണ് ആക്ഷേപം.
വിജയ ശിവനെ മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന് പറഞ്ഞു.
എംഎൽഎമാരായ അനൂപ് ജേക്കബും മാത്യു കുഴൽനാടനും ചേര്‍ന്ന് ആസൂത്രണം ചെയ്ത നാടകമാണ് കൂത്താട്ടുകുളത്ത് നടന്നത്. ഇത് പൊളിഞ്ഞതിന്റെ ജാള്യതയാണവര്ക്ക്. ചിന്നക്കനാല്‍ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് കുഴൽനാടന് തനിക്കെതിരെ അയച്ച വക്കീല്‍ നോട്ടീസിന് എന്ത് പറ്റിയെന്നറിയില്ല.
പോലീസിന്റെ താരാട്ട് കേട്ടല്ല മാർക്സിസ്റ്റുകാര്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്. മര്‍ദനങ്ങള്‍ക്ക് വഴങ്ങികൊടുക്കുമെന്ന് കരുതരുത്. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് കലാ രാജു പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഇത് സഹകരണ വകുപ്പ് എടുക്കേണ്ട വകുപ്പുതല നടപടിയായതിനാല്‍ പാര്‍ട്ടിക്ക് ഇടപെടാന്‍ പരിമിതികളുണ്ടായിരുന്നതായും സി.എന്‍. മോഹനന് പറഞ്ഞു.