റബർ സംസ്കരണ ഫാക്ടറിയിൽ നിന്ന് അമോണിയ കലർന്ന ജലം ഒഴുക്കുന്നതായി പരാതി
1377037
Saturday, December 9, 2023 2:17 AM IST
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് പ്രവർത്തിക്കുന്ന റബർ സംസ്കരണ ഫാക്ടറിയിൽ നിന്ന് അമോണിയ കലർന്ന മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതായി ആക്ഷേപം.
കഴിഞ്ഞദിവസം വലിയ അളവിൽ മാലിന്യം തോട്ടിലെത്തിയതായി പറയുന്നു. വെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവുമുണ്ടായിരുന്നു.
മീനുകൾ ചത്തുപൊങ്ങി. തോട്ടിലിറങ്ങിയവർക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമുണ്ടായതായി നാട്ടുകാർ പറഞ്ഞു. കിലോമീറ്ററുകളോളം ദൈർഘ്യമുള്ള തോടാണിത്. ധാരാളംപേർ കുളിക്കാനും അലക്കാനും തോടിനെ ആശ്രയിക്കുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് സ്ഥലത്തെത്തിയിരുന്നു.
വെള്ളത്തിന്റെ സാന്പിൾ ലാബോറട്ടറി പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. മാലിന്യപ്രശ്നം ഉന്നയിച്ച് കന്പനിക്കെതിരേ നാട്ടുകാർ നേരത്തേയും സമരം നടത്തിയിട്ടുണ്ട്. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും വ്യാവസായ വകുപ്പിന്റെ അനുമതി വാങ്ങിയാണ് ഇപ്പോൾ കന്പനി പ്രവർത്തിക്കുന്നത്.