കീഴാലിപ്പടി മുതൽ പൂയംകുട്ടി വരെ ഭൂമി ഉടമസ്ഥത റവന്യു വകുപ്പിന് നൽകണം
1376984
Saturday, December 9, 2023 2:11 AM IST
കോതമംഗലം: കുട്ടന്പുഴ വില്ലേജിൽ കീഴാലിപ്പടി മുതൽ പൂയംകുട്ടി വരെയുള്ള റോഡിനും പുഴയ്ക്കും ഇടയിലുള്ള ഭൂമിയുടെ ഉടമസ്ഥത റവന്യു വകുപ്പിൽ പുനഃസ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കിഫ എറണാകുളം ജില്ലാ കമ്മിറ്റി നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകും.
റീസർവേ നടപടികൾ നിലവിൽ വന്നത് 2000 മുതലാണ്. റീസർവെ നടക്കുന്നതിനുമുന്പ് ഭൂമി സർക്കാർ രേഖകളിൽ റവന്യു ഭൂമിയായാണ് മാർക്ക് ചെയ്തിരുന്നത്. എന്നാൽ റീസർവേ നടപടികൾ പൂർത്തിയായപ്പോൾ ഈ ഭൂമി രേഖകളിൽ തിരിമറി നടത്തി ബ്ലോക്ക് നന്പർ മൂന്നിൽ ഉൾപെടുത്തി വനഭൂമിയാക്കി മാറ്റിയിരുന്നു.
കുട്ടന്പുഴ വില്ലേജിൽ 17 പഞ്ചായത്ത് വാർഡുകളും വനാർതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ്. ആലപ്പുഴ ജില്ലയുടെ വിസ്തീർണമുള്ള പഞ്ചായത്ത് ആണെങ്കിലും പ്രാദേശിക വികസനത്തിനായി ആവശ്യത്തിന് റവന്യു ഭൂമിയില്ലാത്ത സാഹചര്യമാണുള്ളത്. വനം വകുപ്പാകട്ടെ കുടിവെള്ളം പോലും എടുപ്പിക്കാതെ ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്നു.
പഞ്ചായത്തിന്റെ വികസനത്തിനായി പണംകൊടുത്ത് ഭൂമി വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. 25000 ത്തിനു മുകളിൽ ജനസംഖ്യയും, അതിൽ തന്നെ 1300 കുടുംബങ്ങളിലായി 5000 ത്തിനു മുകളിൽ ഗോത്രവർഗക്കാരും കുട്ടന്പുഴ വില്ലേജിൽ താമസിക്കുന്നു. പ്രാദേശിക വികസനത്തിനായി ഭൂമി വിനിയോഗിക്കുന്നതിന് റീസർവേ നടപടികളിൽ വന്ന അപാകത പരിഹരിക്കണം.
കുട്ടന്പുഴ പഞ്ചായത്ത് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളിൽ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കപ്പെടാനുമായി മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതെന്ന് കിഫ എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോൻ ഫ്രാൻസിസ് അറിയിച്ചു.