കളരിപ്പയറ്റും മോഹിനിയാട്ടവും സമന്വയിപ്പിച്ച ‘ഒറ്റ’ നവ്യാനുഭവമായി
1376978
Saturday, December 9, 2023 2:11 AM IST
മൂവാറ്റുപുഴ: കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റും നൃത്തരൂപമായ മോഹിനിയാട്ടവും സമന്വയിപ്പിച്ച് അരങ്ങിലെത്തിയ ’ഒറ്റ’ പ്രേക്ഷകർക്ക് നവ്യാനുഭവമായി. മൂവാറ്റുപുഴ മേള ഫൈൻ ആർട്സ് സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. മഹാഭാരതത്തിലെ ഘടോൽക്കചന്റെയും ഹിഡുംബിയുടെയും ഭീമന്റെയും ജീവിതാവസ്ഥകളെ സമകാലികമായി പുനർവായിക്കുന്ന നൃത്താവിഷ്ക്കരണമാണ് ഒറ്റ.
കൊച്ചിയിലെ തുടിപ്പ് ഡാൻസ് ഫൗണ്ടേഷനാണ് ഒറ്റ അവതരിപ്പിച്ചത്. കളരിപ്പയറ്റിന്റെ മെയ് വഴക്കത്തിലും അഭ്യാസ മികവിലുമാണ് ഘടോൽക്കചനെന്ന പോരാളിയെ ആവിഷ്ക്കരിച്ചത്. മോഹിനിയാട്ടത്തിന്റെ ലാസ്യഭാവത്തിലാണ് പ്രണയവും വിരഹവും അവഗണനയും അനുഭവിക്കുന്ന ഹിഡുംബിയും എന്നും രണ്ടാമനാകുന്ന ഭീമനും വേദിയിലെത്തിയത്.
മേള പ്രസിഡന്റ് സുർജിത് എസ്തോസ് കലാകാരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി എസ്. മോഹൻദാസ് കലാകാരന്മാരെ സദസിന് പരിചയപ്പെടുത്തി. ജോയിന്റ് സെക്രട്ടറി കെ.ബി. വിജയകുമാർ, കമ്മിറ്റിയംഗങ്ങളായ കെ.എച്ച്. ഇബ്രാഹിം കരിം, പ്രിജിത് ഒ. കുമാർ, ബി. അശോക് കുമാർ ബി. എന്നിവർ പങ്കെടുത്തു.