അറ്റകുറ്റപ്പണിയിൽ അടച്ച കുഴി വീണ്ടും പഴയപടി
1376974
Saturday, December 9, 2023 1:59 AM IST
കാഞ്ഞിരമറ്റം: അറ്റകുറ്റപ്പണി നടത്തി ഒരു മാസം തികയുന്നതിനു മുൻപേ റോഡിൽ കുഴിയായി. കാഞ്ഞിരമറ്റം - പുത്തൻകാവ് റോഡിലാണ് അധികൃതർ അടച്ച കുഴി വീണ്ടും പഴയപടിയായത്. തുടർച്ചയായി വെള്ളക്കെട്ട് രൂപപ്പെടുകയും റോഡ് തകരുകയും ചെയ്തതോടെ ഇവിടെ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടു.
തുടർന്ന് നിരന്തരമായി നൽകിയ പരാതികൾക്കൊടുവിലാണ് കഴിഞ്ഞ മാസം കുഴിയടയ്ക്കൽ നടന്നത്. മഴയത്ത് നടത്തിയ അറ്റകുറ്റപ്പണിയെപ്പറ്റി അന്നുതന്നെ പരാതിയുണ്ടായിരുന്നു. പ്രവൃത്തികൾ മുഴുവൻ പൂർത്തീകരിക്കുകയും ചെയ്തിരുന്നില്ല.
പണി പൂർത്തിയാകാതെ റോഡ് റോളർ അന്നു മുതൽ വഴിയരികിൽ കിടക്കുകയാണ്. ശബരിമല സീസൺ കൂടിയായതോടെ നിരന്തരം വാഹനത്തിരക്കേറിയ റോഡിൽ അപകട സാധ്യത വർധിച്ചിരിക്കുകയാണെന്ന് പരിസരവാസികൾ പറഞ്ഞു. മില്ലുങ്കൽ മുതൽ പുത്തൻകാവ് വരെ നിരവധിയിടങ്ങളിൽ വലുതും ചെറുതുമായ കുഴികളാൽ യാത്ര ദുസഹമായിരിക്കുകയാണ്.