ഭക്ഷ്യവിഷബാധ: പറവൂര്‍ കവലയിലെ ഹോട്ടൽ പൂട്ടിച്ചു
1376969
Saturday, December 9, 2023 1:59 AM IST
ആലുവ: മൂന്ന് ദിവസം മുമ്പ് ഭക്ഷ്യവിഷബാധയുണ്ടായ ദേശീയപാത പറവൂര്‍ കവലയിലെ ബിരിയാണി മഹല്‍ ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ അസി. കമ്മീഷണര്‍ക്ക് ശിപാര്‍ശ ചെയ്തതായും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ആറിന് രാത്രി അല്‍ഫാം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇവർ തൊട്ടടുത്ത ദിവസം ആലുവയിലും പറവൂരുമായി ചികിത്സ തേടി. കൂടുതൽ പേർ ചികിത്സ തേടിയതോടെ ഹോട്ടലിനെതിരേ 13 പേരുടെ പരാതി ലഭിച്ചു.
ആലുവ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഹോട്ടല്‍ പൂട്ടിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. ഇവിടെയുണ്ടായിരുന്ന കോഴിയിറച്ചി ലാബ് പരിശോധനയ്ക്കായി അയച്ചു. പരാതി ഉയർന്നിട്ടും ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന നടത്താൻ വൈകിയെന്ന് ആരോപണമുണ്ട്.